അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസ് നടത്താന്‍ സര്‍ക്കാരിന് താല്പര്യമില്ലെന്ന് കോടതി വാക്കാല്‍ വിമര്‍ശിച്ചു. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസാണ് വിമര്‍ശനം ഉന്നയിച്ചത്. എ ജി ഓഫീസ് അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന രൂക്ഷമായ വിമര്‍ശനം അലക്‌സാണ്ടര്‍ തോമസ് കഴിഞ്ഞയാഴ്ച ഉന്നയിച്ചിരുന്നു.
ഉദ്യോഗസ്ഥര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. അഞ്ച് കേസുകളിലെ നടത്തിപ്പിലുണ്ടായ വീഴ്ച സര്‍ക്കാര്‍ പരിശോധിക്കണം. നാല് കേസുകളിലെ നടത്തിപ്പില്‍ എ ജി ഓഫീസിന്റെ കെടുകാര്യസ്ഥതയെക്കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് നിര്‍ദേശിച്ചു. മേലുദ്യോഗസ്ഥരുടെ അഭിപ്രായം തേടാതെ വേണം റിപ്പോര്‍ട്ട് നല്കാന്‍. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. രജിസ്ട്രാര്‍ മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.
കേസ് നടത്തിപ്പില്‍ ക്രിമിനല്‍ കെടുകാര്യസ്ഥതയാണ് ഉണ്ടാകുന്നത്. നാല് തവണ വസ്തതുകള്‍ പരിശോധിച്ച് നല്‍കാന്‍ നിര്‍ദേശിച്ചിട്ടും എ ജി ഓഫീസ് അത് നല്‍കിയിട്ടില്ല. കോടതിയലക്ഷ്യ നടപടികളാണുണ്ടാകുന്നത്. ഇങ്ങനെ മുന്നോട്ട് പോയാല്‍ ശരിയാകില്ലെന്നും ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് നിരീക്ഷിച്ചു.
ചില കേസുകളില്‍ എ ജിക്ക് പ്രത്യേക താത്പര്യാണ്. ഈ രീതിയിലാണെങ്കില്‍ എ ജി ഓഫീസ് പുന:സംഘടിപ്പിക്കേണ്ടി വരും. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയാണ്. കോടതിയുടെ ഉത്തരവുകള്‍ ഒന്നും പാലിക്കുന്നില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ഈ രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിയെ അമിക്കസ് ക്യൂറിയായി നിയമിച്ച് പരിശോധിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി.
വിജിലന്‍സുമായി അഴിമതി നിരോധന വകുപ്പ് പ്രകാരമുള്ള ഒരു കേസിലെ വാദത്തിനിടെയായിരുന്നു ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ വിമര്‍ശനം.