ചിലര്‍ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നു; വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ഗിബൽസിയന്‍ തന്ത്രമാണ് തനിക്കെതിരെ നടക്കുന്നത്- സുധീരനെതിരെ പരോക്ഷ വിമർശനവുമായി അടൂർ പ്രകാശ്

Webdunia
ബുധന്‍, 23 മാര്‍ച്ച് 2016 (19:30 IST)
കെപിസിസി പ്രസിഡന്റ് വിഎം സുധീരന് മറുപടിയുമായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് രംഗത്ത്. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ കാലഘട്ടത്തിൽ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ഗിബൽസിയൻ തന്ത്രമാണ് ഭൂമി വിവാദത്തിന് പിന്നിലെന്നും മന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു. എന്‍റെ അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തനവും ഇരുപതു വര്‍ഷക്കാലത്തെ ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവർത്തനവും ജനങ്ങളുടെ മുന്‍പില്‍ ഒരു തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറയുന്നു.

അടൂര്‍ പ്രകാശിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പുര്‍ണ്ണരൂപം: -

എന്‍റെ അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തനവും ഇരുപതു വര്‍ഷക്കാലത്തെ ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവർത്തനവും ജനങ്ങളുടെ മുന്‍പില്‍ ഒരു തുറന്ന പുസ്തകമാണ്. ഈ കാലയളവില്‍ എല്ലാവിഭാഗം ജനങ്ങൾക്കും ഗുണകരമാകുന്ന സേവനപ്രവർത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ജനങ്ങളുടെ പിന്തുണ കൊണ്ട് മാത്രമാണെന്ന് എളിമയോടെ ഞാന്‍ വിശ്വസിക്കുന്നു.

അടുത്ത കാലത്തായി ഉണ്ടായിട്ടുള്ള വിവാദങ്ങള്‍ യാദാർത്ഥ്യബോധത്തോടെയോ കാര്യങ്ങളെ വസ്തുനിഷ്ഠമായി പഠനം നടത്താത്തതിന്റെ ഭാഗമായോ ആണെന്നുള്ളത്‌ അങ്ങേയറ്റം ഖേദകരമാണ്.

സർക്കാർ ഏറ്റെടുത്ത നിലം വിവിധ വികസന പദ്ധതികൾക്കായി ഇതര വകുപ്പുകളുടെ ശുപാർശകളോടെ നികത്താന്‍ അനുമതി നല്കി എന്നുള്ളതാണ് റവന്യൂവകുപ്പ് മന്ത്രി എന്ന നിലയില്‍ എന്നില്‍ ആരോപിതമായിരിക്കുന്നത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും ചർച്ച നടത്തിയ ശേഷം എടുത്ത തീരുമാനമാണ് വകുപ്പ് മന്ത്രി എന്ന നിലയില്‍ അനുമതിക്കായി എന്റെ മുൻപിൽ സമർപ്പിക്കപ്പെട്ടത്.

എന്നാൽ ഭൂമി സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ സർക്കാരിൽ നിന്നും മറച്ചുവച്ച സാഹചര്യത്തിലും ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതു കൊണ്ടും ഇത് സംബന്ധിച്ച് 02.03.2016 ൽ റവന്യൂവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് G.O.(ms)201/16/RD ബഹു: മുഖ്യമന്ത്രിയുടെ അനുമതിയോടെ റദ്ദു ചെയ്യുന്നു.

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ കാലഘട്ടത്തില്‍ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ഗിബൽസിയന്‍ തന്ത്രമാണ് ഈ വിവാദത്തിനു പിന്നില്‍ ഉള്ളതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

സംശുദ്ധ രാഷ്ട്രീയത്തിന്റെ വഴിത്താരകളില്‍ ആത്മാർഥ‍മായി ജനങ്ങൾക്ക് ‌ വേണ്ടി പ്രവർത്തി്യ്ക്കാന്‍ ശ്രമിച്ചിട്ടുള്ള ഞാൻ തുടർന്നും ജനപക്ഷത്തുതന്നെ നിലകൊണ്ടു നാടിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കും.

ആദർശരാഷ്ട്രീയത്തിന്റെ കുപ്പായം തനിക്ക്‌ മാത്രമാണ് ചേരുന്നതെന്ന ചിന്തയാൽ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരുടെ കുപ്പായത്തിലെ ചേറ് വിവേകമുള്ള കേരളജനത തിരിച്ചറിയുക തന്നെ ചെയ്യും.