പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; എഡിജിപിയുടെ മകളെ അറസ്‌റ്റുചെയ്യാൻ ആവശ്യമായ തെളിവുകൾ ലഭിച്ചില്ല, അന്വേഷണം വൈകിപ്പിക്കാനുള്ള പൊലീസിന്റെ നീക്കം തുടരുന്നു

Webdunia
ശനി, 30 ജൂണ്‍ 2018 (12:16 IST)
എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ ഡ്രൈവറെ മര്‍ദിച്ച കേസില്‍ അന്വേഷണം വൈകിപ്പിക്കാനുള്ള പൊലീസിന്റെ തന്ത്രം തുടരുന്നു. അറസ്‌റ്റുചെയ്യാൻ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നുകാട്ടി അന്വേഷണ ഫയല്‍ ഹൈക്കോടതിയില്‍ നല്‍കി. തെളിവു ശേഖരണത്തിന് കൂടുതല്‍ സമയം വേണമെന്നും കോടതിയില്‍ ആവശ്യപ്പെടും.
 
പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ എഡിജിപിയുടെ മകൾ മര്‍ദിച്ചെന്ന പരാതി ഉയര്‍ന്നിട്ട് 16 ദിവസം കഴിഞ്ഞിട്ടും അറസ്റ്റടക്കമുള്ള യാതൊരു നടപടിയിലേക്കും ക്രൈംബ്രാഞ്ച് സംഘം കടന്നിട്ടില്ല. ഇതേസമയം തനിക്കെതിരായി എഡിജിപിയുടെ മകൾ നൽകിയ പരാതിയിലെടുത്ത കേസ് പിന്‍വലിക്കണമെന്ന ഗവാസ്കറുടെ ഹര്‍ജി നാലിനു ഹൈക്കോടതി പരിഗണിക്കും. ഇതിനു മുന്നോടിയായി അന്വേഷണസംഘം അന്വേഷണപുരോഗതി വ്യക്തമാക്കിയുള്ള ഇതുവരെയുള്ള കേസ് ഫയല്‍ കോടതിയിലേക്കു കൈമാറി.
 
എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാന്‍ മാത്രമുള്ള തെളിവുകളായിട്ടില്ലെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. മർദ്ദനം സ്ഥിരീകരിക്കുന്ന സാഹചര്യത്തെളിവുകളും മൊഴികളും ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെടുന്നു. എഡിജിപിയുടെ മകളെ കേസിൽ നിന്ന് രക്ഷിക്കാനുള്ള തന്ത്രമാണിതെന്ന ആക്ഷേപം ശക്‌തമാണ്. കോടതിയുടെ തീരുമാനം അറിഞ്ഞിട്ട് തുടർനടപടികൾ എടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

അനുബന്ധ വാര്‍ത്തകള്‍

Next Article