എത്ര ജോലി ചെയ്താലും അംഗീകാരം ലഭിക്കില്ല, ഉന്നത ഉദ്യോഗസ്ഥരുടെ നല്ല വാക്കുമുണ്ടാകില്ല; ഇതൊക്കെയാണ് പൊലീസ് ജോലിയുടെ ശാപമെന്ന് ആർ ശ്രീലേഖ

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (08:19 IST)
പൊലീസിന്റെ പ്രതിച്ഛായ ആകെ തകർക്കുന്ന പ്രവർത്തനങ്ങളും പ്രശ്നങ്ങളുമാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കേരളത്തിൽ നടക്കുന്നത്. തൊട്ടതെല്ലാം അബദ്ധമായി മാറുന്ന ആഭ്യന്തരമെന്ന് സോഷ്യൽ മീഡിയകളിലും ആക്ഷേപമുയർന്നിരുന്നു. പൊലീസിന്റെ പ്രവർത്തനത്തെ വിലയിരുത്തുകയാണ് എഡിജിപി ആർ ശ്രീലേഖ.
 
ഉന്നത ഉദ്യോഗസ്ഥര്‍ നന്നായാല്‍ പൊലീസും നന്നാകുമെന്ന് ജയില്‍ മേധാവിയും എഡിജിപിയുമായ ആര്‍ ശ്രീലേഖ പറയുന്നു. മുന്‍ ഡിജിപിമാരുടെ പേരുകള്‍ എടുത്തുപറഞ്ഞായിരുന്നു ഇക്കാര്യത്തിൽ ശ്രീലേഖ വിശദീകരണം നൽകിയത്. പാലക്കാട് പൊലീസ് അസോസിയേഷന്‍ സംഘടിപ്പിച്ച സ്ത്രീ സുരക്ഷയില്‍ പൊലീസിന്റെ പങ്ക് എന്ന വിഷയത്തിലെ വനിതാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
 
ഉന്നത ഉദ്യോഗസ്ഥര്‍ എങ്ങനെ ആയിരിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് താഴെത്തട്ടിലുളള പൊലീസ് സേനയുടെ പ്രവര്‍ത്തനം. മുന്‍പ് ഡിജിപി ആയിരുന്ന കെ.ജെ ജോസഫ് അച്ചടക്കത്തിന്റെ ആള്‍രൂപമായിരുന്നു. അന്നു പൊലീസ് സേനയിലും അച്ചടക്കമുണ്ടായി. 
 
പിന്നീട് വന്ന ഹോര്‍മിസ് തരകന്‍ തികച്ചും മാന്യനായിരുന്നു. അക്കാലത്ത് പൊലീസിന് ജെന്റില്‍മാന്‍ പരിവേഷമായിരുന്നു. കഴിവ് മാത്രമുണ്ടായാല്‍ പൊലീസില്‍ പ്രവര്‍ത്തനം സുഗമമാകില്ല. ശിക്ഷ ഏറ്റുവാങ്ങുകയും മെമ്മോകള്‍ സ്ഥിരമായി കിട്ടുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ശരിയായി ജോലി ചെയ്യാന്‍ തയ്യാറാകില്ല. എത്ര ജോലി ചെയ്താലും അംഗീകാരമോ ഉന്നത ഉദ്യോഗസ്ഥരുടെ നല്ല വാക്കോ ലഭിക്കില്ലെന്നതാണ് പൊലീസ് ജോലിയുടെ ശാപമെന്നും ശ്രീലേഖ പറഞ്ഞു.
Next Article