‘ജേര്ജേട്ടന്സ് പൂരം’ നല്കിയ എട്ടിന്റെ പണി; ദിലീപിന്റെ സെല്‍ഫിയില്‍ സുനി - വാദം പൊളിഞ്ഞതോടെ താരം കുരുക്കില്‍
ഞായര്‍, 2 ജൂലൈ 2017 (13:35 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന് ദിലീപ് കൂടുതല്‍ കുരുക്കിലേക്ക്.
കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന്റെ ലൊക്കേഷനില്‍ എത്തിയതായി പൊലീസ് കണ്ടെത്തി. താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം ജോർജേട്ടൻസ് പൂരത്തിന്റെ ലൊക്കേഷനിലാണ് സുനി എത്തിയത്.
തൃശൂരിലെ ബാനര്‍ജി ക്ലബ്ബില്‍ ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നു. ക്ലബ്ബിലെ ജീവനക്കാർ പകർത്തിയ സെൽഫി ചിത്രങ്ങളിലാണ് സുനി ഇടംപിടിച്ചിരിക്കുന്നത്. ചിത്രം ലഭിച്ചതോടെ ക്ലബ്ബിലെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്ത അന്വേഷണ സംഘം ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പകർത്തി.
ആക്രമിക്കപ്പെട്ട നടി ഈ ക്ലബ്ബിലെ ഹെൽത്ത് ക്ലബ്ബിൽ എത്തുന്നുണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ക്ലബ്ബിലെ ജീവനക്കാരെടുത്ത മുഴുവൻ ചിത്രങ്ങളും പൊലീസ് പരിശോധിച്ചെന്നാണു സൂചന.
2016 നവംബര്‍ മൂന്നിനാണ് ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലുളളതായി അന്വേഷണത്തില്‍ വ്യക്തമായത്. ഈ അന്വേഷണമാണ് തൃശൂരിലെ ക്ലബ്ബില്‍ എത്തി നിന്നത്. ഇതോടെ സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദം പൊളിഞ്ഞു.