കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴി തുടര്‍ അന്വേഷണത്തില്‍ നിര്‍ണായകമാകുമോ എന്ന സംശയത്തില്‍ മാധ്യമങ്ങള്‍.
എംഎല്‍എ ഹോസ്റ്റലില്‍ വെച്ചു നടത്തിയ മൊഴിയെടുക്കലില്‍ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ അടുത്തറിയാമെന്ന് മുകേഷ് വ്യക്തമാക്കിയതാണ് ഇങ്ങനെയൊരു ആശയക്കുഴപ്പത്തിന് കാരണമായത്.
ചോദ്യാവലി തയ്യാറാക്കിയായിരുന്നു അന്വേഷണ സംഘം മുകേഷിന്റെ മൊഴിയെടുത്തത്. ചോദ്യത്തിന് ശക്തമായ മറുപടികളാണ് അദ്ദേഹം നല്‍കിയത്.
ഒരു വർഷം ഡ്രൈവറായി കൂടെയുണ്ടായിരുന്ന സുനിക്ക് തന്റെ വീട്ടുകാരെയും പരിചയമുണ്ട്. നടി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞത് മാധ്യമങ്ങളിൽ നിന്നാണെന്നും സിഐയുടെ നേതൃത്വത്തില്‍ നടന്ന മൊഴിയെടുക്കലില്‍ മുകേഷ് വ്യക്തമാക്കി.
ഒന്നര മണിക്കൂറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു.
കേസില്‍ അൻവർ സാദത്ത് എംഎല്‍എയുടെയും മൊഴി രേഖപ്പെടുത്തി. പൾസർ സുനിയുമായി ബന്ധമില്ലെന്നു പൊലീസിനെ അറിയിച്ചതായി അൻവർ സാദത്ത് പറഞ്ഞു. ദിലീപുമായുള്ള സൗഹൃദം, ഫോൺ സംഭാഷണങ്ങൾ, കൂടിക്കാഴ്ചകൾ, സാമ്പത്തിക ഇടപാടുകൾ, വിദേശയാത്രകൾ തുടങ്ങിയവയെക്കുറിച്ചാണ് പൊലീസ് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.