കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന് ജയിലിലെ ചിലവുകള്‍ക്കായി 200 രൂപയുടെ മണി ഓര്‍ഡര്‍. കൈയില്‍ പണമില്ലാത്തതിനാല്‍ ഫോണ്‍ വിളിക്കാനും ജയിലില്‍ ആവശ്യ സാധനങ്ങള്‍ വാങ്ങാനും സാധിക്കുന്നില്ലെന്ന് ദിലിപ് പറഞ്ഞതോടെ അനുജന്‍ അനൂപാണ് മണിയോര്‍ഡറായി പണം അയച്ചത്.
പണം ഇല്ലാത്തതിനാല്‍ രണ്ടു ദിവസങ്ങളായി ബന്ധുക്കളെ ഫോണ്‍ ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ജയില്‍ കാന്റീനില്‍ നിന്നും ഒന്നും വാങ്ങാന്‍ കഴിയില്ലെന്നും കാണാനെത്തിയ അനൂപിനോട് ദിലീപ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചപ്പോള്‍ മണിയോര്‍ഡര്‍ അയക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
അനൂപ് അയച്ചു നല്‍കിയ പണം ദിലീപിന് നേരിട്ടു നല്‍കില്ല. പണം മുഴുവന്‍ ഒരുമിച്ച് ചിലവഴിക്കാനും സാധിക്കില്ല. ഫോണ്‍ വിളി അടക്കമുള്ള ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍ അക്കൌണ്ടില്‍ നിന്നും പണം കുറയും. ആഴ്‌ചയില്‍ അഞ്ചു രൂപയ്‌ക്കു മാത്രമെ ഫോണ്‍ വിളിക്കാന്‍ പറ്റുകയുള്ളൂ.
കൂടാതെ ജയില്‍ കാന്റീനില്‍ നിന്നും കൊതുകു തിരി, പേസ്റ്റ്, ബ്രഷ്, ബിസ്‌ക്കറ്റ് തുടങ്ങിയവ വാങ്ങാനും ഈ പണം ഉപയോഗിക്കാം. ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മിച്ചമുള്ള പൈസ തിരികെ ലഭിക്കുകയും ചെയ്യും.