കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനി നടന്‍ ദിലീപിന് കത്തയച്ചതിന്റെ പശ്ചാത്തലത്തില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. ക്വട്ടേഷനില്‍ ദിലീപിന് പങ്കുണ്ടെന്ന തരത്തിലായിരുന്നു കത്ത്. അതോടൊപ്പം, ജയിലില്‍ വെച്ച് സുനി ദിലീപുമായി സംസാരിച്ചതും പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനേയും സംവിധായകന്‍ നാദിര്‍ഷയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ , ദിലീപിനെതിരായ തെളിവുകള്‍ ഒന്നും തന്നെ പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ നമ്പരിലേക്ക് സുനി നേരിട്ട് വിളിച്ചതിനു രേഖകളില്ല. ദിലീപിന്റെ നമ്പറില്‍ നിന്ന് തിരിച്ച് സുനിയെ വിളിച്ചതിനും തെളിവുകളില്ല. ജയിലില്‍ നിന്ന് താന്‍ ഫോണ്‍ ചെയ്തത് നാദിര്‍ഷയെയും അപ്പുണ്ണിയെയുമാണെന്നാണ് സുനിയും മൊഴി നല്‍കിയിരിക്കുന്നത്. സുനി വിളിച്ച എല്ലാ നമ്പറുകളും പരിശോധിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം.
അതേസമയം, ദിലീപിന് അനുകൂലമായ പ്രസ്താവനയുമായ് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ യാതൊരു തരത്തിലുള്ള തെളിവുകളും ഇതുവരെ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ലെന്ന് സെന്‍കുമാര്‍ വ്യക്തമാക്കുന്നു. ഇതെല്ലാം ഐജി ബി സന്ധ്യയുടെ പബ്ലിസിറ്റിയ്ക്കു വേണ്ടി ചെയ്തതാണെന്നും അദ്ദേഹം സമകാലീകമലയാളം ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
സന്ധ്യയ്ക്ക് സ്വാമിയുടെ കേസിലൊക്കെയുണ്ടായ ബാഡ് ഇമേജ് പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ മാത്രമാണ് നടികേസിലെ ഒരേയൊരു സംഭവമന്നെും സെന്‍കുമാര്‍ പറയുന്നു. നടികേസില്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്യുകയാണെങ്കില്‍ സ്വാമിയുടെ കേസില്‍ സന്ധ്യയെ എത്രമണിക്കൂര്‍ ചോദ്യം ചെയ്യേണ്ടിവരുമെന്നും മുന്‍ ഡിജിപി ചോദിക്കുന്നുണ്ട്.
നാദിര്‍ഷാ തച്ചങ്കരിയെ കണ്ടു എന്നതു നേരാണെന്നും പക്ഷെ അവര്‍ തമ്മില്‍ നേരത്തേ കാസറ്റ് റിലീസുമായി ബന്ധപ്പെട്ടുള്ള അടുപ്പമൊക്കെ വെച്ചാണ് അവര്‍ തമ്മില്‍ കണ്ടതെന്നും സെന്‍കുമാര്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഉപദേശത്തിനായി നാദിര്‍ഷാ തച്ചങ്കരിയെ കണ്ടുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ പള്‍സര്‍ സുനിയേയും ദിലീപിനേയും നാദിര്‍ഷയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലിസ്. സംഭവത്തിനു പിന്നില്‍ ഒരു സൂത്രധാരനുണ്ടെങ്കില്‍ ഇത്തവണ ചോദ്യം ചെയ്യലില്‍ വ്യക്തമാകുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. അന്വേഷണത്തില്‍ പൊലീസിനെ വഴിതെറ്റിക്കാനുള്ള സുനിലിന്റെ വിരുതു കാരണം കേരളാ പൊലീസിലെ മുന്‍നിര ചോദ്യം ചെയ്യല്‍ വിദഗ്ധരെ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.