വിശദീകരണവുമായി മോഹന്‍‌ലാല്‍; ആവശ്യം ശക്തമാക്കി നടി ഹൈക്കോടതിയില്‍

Webdunia
തിങ്കള്‍, 9 ജൂലൈ 2018 (14:47 IST)
വിചാരണയ്‌ക്ക് വനിതാ ജഡ്‌ജി വേണമെന്ന ആവശ്യവുമയി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി‍. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ വനിത ജഡ്ജി വേണമെന്ന ആവശ്യവുമായാണ് നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി നാളെ പരിഗണിക്കും.

വനിതാ ജഡ്‌ജി വേണമെന്ന നടിയുടെ ആവശ്യം പ്രിന്‍‌സിപ്പല്‍ സെഷന്‍‌സ് കോടതി നേരത്തെ തള്ളിയിരുന്നു. ഭരണപരമായ ചില കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഈ നടപടി. ഈ പശ്ചാത്തലത്തിലാണ് നടി  ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയായ ദിലീ‍പിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെത്തുടർന്നുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി താരസംഘടന പ്രസിഡന്റ് മോഹൻലാൽ
രംഗത്തുവന്നു.

ജനറൽ ബോഡിയിൽ എല്ലാവരുടെയും തീരുമാനപ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തത്. ആരും നോ പറഞ്ഞില്ല. ആർക്കുവേണമെങ്കിലും അവിടെ അഭിപ്രായം പറയാമായിരുന്നു. ദിലീപ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിട്ടില്ലെന്ന് യോഗത്തിൽ പലരും അഭിപ്രായപ്പെട്ടിരുന്നു. ജനറൽ ബോഡി യോഗത്തിൽ ആരും ഈ അഭിപ്രായത്തിന് എതിരായി ഒന്നും പറഞ്ഞില്ല എന്നും മോഹൻലാൽ വ്യക്തമാക്കി.

ദിലീപ് സംഘടനയിലേക്ക് മടങ്ങി വരുന്നില്ല എന്ന് പ്രഖ്യാപിച്ചതോടെ സാങ്കേതികമായും നിയമപരമായും അദ്ദേഹം സംഘടനയ്ക്ക് പുറത്താണെന്നും തങ്ങള്‍ എപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് നിലനില്‍ക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇപ്പോള്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്ന ആരും സംഘടനാ യോഗത്തില്‍ വന്ന് തങ്ങളുടെ വിയോജിപ്പ് അറിയിച്ചിട്ടില്ല. അന്ന് ദിലീപിനെ പുറത്താക്കിയത് സംഘടന രണ്ടായി പിളരുമെന്ന സാഹചര്യത്തിലാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article