നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ വീട്ടിൽ നടന്ന പരിശോധന പൂർത്തിയായി. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ, എട്ട് മണിക്കൂർ നീണ്ട പരിശോധനയാണ് പൂർത്തിയായത്.പരിശോധനയിൽ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ തുടങ്ങിയവ കണ്ടെടുത്തതായാണ് സൂചന.
രാവിലെ 11:30 ഓടെ ആലുവ പാലസിന് സമീപമുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തിയ അന്വേഷണസംഘമാണ് അൽപസമയം മുമ്പ് റെയ്ഡ് പൂർത്തിയാക്കിയത്. ദിലീപിന്റെ നിര്‍മാണക്കമ്പനിയിലും സഹോദരൻ അനൂപിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് മണിക്കൂറുകൾ നീണ്ട പരിശോധന നടത്തി.
ദിലീപിന്റെ ഭാഗത്ത് നിന്നും ദിലീപുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ആർക്കൊക്കെയാണ് ഈ പണം പോയിട്ടുള്ളത്, എന്തൊക്കെ ആവശ്യങ്ങൾക്കാണ് പണം പോയിട്ടുള്ളത് എന്നതടക്കം പരിശോധിക്കാൻ വേണ്ടി ബില്ലുകളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം പരിശോധനയിലെ പ്രധാനലക്ഷ്യമായ തോക്ക് ദിലീപിൽ നിന്നും കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപിന്റെ വീട്ടിൽ വെച്ച് ഗൂഢാലോചന നടത്തിയെന്നത് സംവിധായകനും സുഹൃത്തുമായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തൽ.കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് സഹോദരന്റെ വീട്ടില്‍ ഉള്‍പ്പെടെ ഒരേസമയം റെയ്ഡ് നടത്തിയത്. ആവശ്യമെങ്കിൽ വരും ദിവസങ്ങളിൽ വീണ്ടും പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.