ഉപദ്രവിക്കപ്പെട്ട നടി കനിയാതെ രക്ഷയില്ല; പ്രശ്‌നം കൈവിട്ടു പോകുമോ ? - അജു വർഗീസ് ഹൈക്കോടതിയിൽ

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2017 (12:50 IST)
കൊച്ചിയില്‍ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് ഫേസ്‌ബുക്കിലൂടെ പരസ്യപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അജു വർഗീസ് ഹൈക്കോടതിയിൽ ഹർജി നൽകി.

അജു വര്‍ഗീസ് തന്നെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും, അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കുന്നതിനോട് എതിർപ്പില്ലെന്നും വ്യക്തമാക്കി അക്രമണം നേരിട്ട നടി സമര്‍പ്പിച്ച സത്യവാങ്മൂലവും ഹർജിക്കൊപ്പം അജു വര്‍ഗീസ് സമർപ്പിച്ചിട്ടുണ്ട്.

കളമശേരി പൊലീസാണ് അജു വർഗീസിനെതിരേ കേസെടുത്തിരുന്നത്. അജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം മൊബൈൽ ഫോണും അടുത്തിടെ കസ്റ്റഡിയിലെടുത്തിരുന്നു. സൈബർ ഫൊറൻസിക് വിഭാഗത്തിൽ പരിശോധന നടത്താനാണ് ഫോണ്‍ പൊലീസ് പിടിച്ചെടുത്തത്. പരിശോധനയ്‌ക്കും തെളിവ് ശേഖരിക്കാനുമാണ് ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തത്. സമൂഹമാധ്യമം വഴി പേരു വെളിപ്പെടുത്തിയതായി അജു സമ്മതിച്ചിരുന്നു.

നടന്‍ ദിലീപിനെ അനുകൂലിച്ച് നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിലാണ് അജു നടിയുടെ പേര് പരാമര്‍ശിച്ചത്. വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിച്ച് ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ അജുവിനെതിരെ പരാതി എത്തിയതോടെയാണ് കേസെടുത്തത്.
Next Article