ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസി ഹനീഫയുടെ കൊലപാതകത്തിനെ തുടര്‍ന്ന് ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിടുകയും പ്രസിഡന്റ് ഗോപപ്രതാപനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്ത നടപടിക്കെതിരെ ഐ ഗ്രൂപ്പ് കെപിസിസിക്ക് പരാതി നല്‍കും.
ജില്ലയില്‍ നിന്നുള്ള മന്ത്രി സിഎന്‍ ബാലകൃഷ്ണനെ പോലും അറിയിക്കാതെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചതാണ് ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. പ്രതിഷേധം അറിയിക്കാതെ മുന്നോട്ട് പോയാല്‍ അത് ഗ്രൂപ്പിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നാണ് നേതാക്കള്‍ക്കിടയിലുണ്ടായ അഭിപ്രായം.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് എ, ഐ ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി എസി ഹനീഫ കൊല്ലല്ലപ്പെട്ടത്. എ ഗ്രൂപ്പ് നേതാവാണ് ഹനീഫ. ഐ ഗ്രൂപ്പുകാരാണ് ഹനീഫയെ കൊലപ്പെടുത്തിയതെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. മാസങ്ങളായി ഇരു ഗ്രൂപ്പുകളും തമ്മില്‍ തുടരുന്ന ഗ്രൂപ്പ് വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഷമീറും ഗോപപ്രതാപനും ഒത്തുള്ള ചിത്രങ്ങളും, ഷമീര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടത് പ്രതാപന്റെ വാഹനത്തിലാണെന്നുമുള്ള ആരോപണങ്ങള്‍ ഐ ഗ്രൂപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു.
അതേസമയം, ഹനീഫയുടെ കൊലപാതകത്തില്‍ പുതിയ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. ഹനീഫയുടെ കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്നും. മയക്കുമരുന്ന് മാഫിയക്കെതിരെ നിലപാടെടുത്തതിന്റെ പേരിലാണ് കൊലപാതകമെന്നുമാണ് പ്രാഥമിക നിഗമനം. അതേസമയം, പൊലീസിന്റെ നിഗമനത്തെ തള്ളി ഹനീഫയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഐ ഗ്രൂപ്പ് നേതാക്കളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.