മിഠായി നല്‍കുന്നവരുടെ മനസിലിരിപ്പെന്ത് ? യത്തീംഖാനയിലെ വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയത് മിഠായി നല്‍കി; ആറ് പേര്‍ കസ്റ്റഡിയില്‍

Webdunia
ചൊവ്വ, 7 മാര്‍ച്ച് 2017 (09:56 IST)
പ്രായപൂര്‍ത്തിയാകാത്ത ഏഴ് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി. വയനാട് കൽപറ്റയ്ക്കു സമീപമുള്ള യത്തീംഖാനയിലാണ് 15 വയസിന് താഴെയുള്ള ഏഴ് പെൺകുട്ടികൾ പീഡനത്തിനിരയായതായി കണ്ടെത്തിയത്. മിഠായി നല്‍കി പ്രലോഭിപ്പിച്ചാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്  ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 
ഇന്നലെയാണ് വയനാട്ടിലെ യത്തീംഖാനയിലെ വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ട വിവരം പൊലീസില്‍ അറിയുന്നത്. ജില്ലാ ചൈല്‍ഡ് വെല്‍ഫെയറിലും പൊലീസിലും സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യം വ്യക്തമായത്. യത്തീംഖാനയിലേക്ക് പോകും വഴി മിഠായി നൽകി കടയിലേക്കു വിളിച്ചു വരുത്തിയതെന്നും മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ചെന്നും പരാതിയിലുണ്ട്. 
 
കഴിഞ്ഞ ദിവസം യത്തീംഖാനയ്ക്ക് സമീപമുളള കടയില്‍ നിന്നും കുട്ടികള്‍ പുറത്തുവരുന്നതില്‍ അപാകത തോന്നിയ സുരക്ഷാ ജീവനക്കാരനാണ് വിവരം അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളെ കൗണ്‍സിലിങ് വിധേയമാക്കിയപ്പോളാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. സോഷ്യല്‍ മീഡിയയില്‍ കുട്ടികളോടുളള കാമാര്‍ത്തിയെ അനുകൂലിച്ച് ഒരുവിഭാഗം യുവാക്കള്‍ രംഗത്തെത്തുകയും തുടര്‍ന്ന് ചര്‍ച്ചകള്‍ നടക്കുകയുമാണ്. അതിനിടയിലാണ് ഈ സംഭവം.
Next Article