ആധാര്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് റദ്ദാക്കാനാവില്ല: സുപ്രീംകോടതി

Webdunia
ചൊവ്വ, 27 ജൂണ്‍ 2017 (20:44 IST)
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി. വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിന് ഉള്‍പ്പെടെ വിവിധ സാമൂഹികക്ഷേമ പദ്ധതികര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ ഉത്തരവാണ് ഇടക്കാല വിധിയിലൂടെ സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചത്. 
 
ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. 
 
ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനാകില്ല. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്‍റെ പേരില്‍ ആര്‍ക്കെങ്കിലും ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടാല്‍ തെളിവുസഹിതം കോടതിയെ അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. അടുത്ത മാസം 17ന് ഇതുസംബന്ധിച്ച് വീണ്ടും വാദം കേള്‍ക്കുന്നതാണ്.
 
അതേസമയം, ആധാര്‍ കാര്‍‍ഡ് ഇല്ലാത്തതിന്‍റെ പേരില്‍ ആര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി. ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ പകരം ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
Next Article