പോളിസി സാധുവല്ലെന്ന് സമയത്ത് അറിയിച്ചില്ല; എല്‍ഐസിക്ക് (LIC) 50 ലക്ഷം രൂപ പിഴ വിധിച്ചു

രേണുക വേണു

ശനി, 31 ഓഗസ്റ്റ് 2024 (12:01 IST)
LIC

20 ലക്ഷം രൂപ പ്രീമിയത്തിനായി മുടക്കിയിട്ടും ലൈഫ് ഇന്‍ഷുറന്‍സ് നിഷേധിച്ച ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി (എല്‍.ഐ.സി) യുടെ സാങ്കേതിക വീഴ്ചയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. നഷ്ടപരിഹാരം പരാതിക്കാരനു നല്‍കണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്. പ്രവാസിയായ അന്തരിച്ച ജീമോന്‍ എന്ന വ്യക്തിയുടെ ഭാര്യയും മകളുമാണ് പരാതിക്കാര്‍.
 
രണ്ടരക്കോടി രൂപ ലൈഫ് പരിരക്ഷയുള്ള ജീവന്‍ ഉമംഗ് പോളിസിയാണ് 2020 ജനുവരി മൂന്നിന് 20,72,565 രൂപ പോളിസി നിക്ഷേപം ആയി നല്‍കി ജീമോന്റെ പേരില്‍ എടുത്തത്. എല്‍.ഐ.സി. ആവശ്യപ്പെട്ട വൈദ്യപരിശോധനയ്ക്കും ജീമോന്‍ വിധേയനായി. തുടര്‍ന്ന് പോളിസി ലഭിക്കാനുള്ള അപേക്ഷ നല്‍കി ലണ്ടനിലേക്ക് പോയി. എന്നാല്‍ കോവിഡ് വ്യാപിച്ചതോടെ പ്രവാസികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി അനുവദിക്കുന്നത് എല്‍.ഐ.സി. താല്‍ക്കാലികമായി നിര്‍ത്തി. ഇതിനിടെ ലണ്ടനില്‍വെച്ച് കോവിഡ് ബാധിച്ച് ജീമോന്‍ നിര്യാതനായി. തുടര്‍ന്ന് അവകാശികള്‍ ഇന്‍ഷുറന്‍സ് തുക ആവശ്യപ്പെട്ടപ്പോള്‍ നിയമപരമായ ഇന്‍ഷുറന്‍സ് കരാര്‍ നിലവില്ലെന്നു ചൂണ്ടിക്കാട്ടി എല്‍.ഐ.സി. പരിരക്ഷ നിഷേധിച്ചു. 
 
അതേസമയം പ്രീമിയം തുകയായ 20,72,565 രൂപ 2021 ജനുവരിയില്‍ തിരികെ നല്‍കി. ഇതിനെതിരേയുള്ള പരാതി സ്വീകരിച്ച ഉപഭോക്തൃ കമ്മിഷന്‍ വിശദമായ തെളിവെടുപ്പു നടത്തി. നിയമപരമായ ഇന്‍ഷുറന്‍സ് കരാര്‍ നിലവിലില്ലാത്തതിനാല്‍ രണ്ടരക്കോടിയുടെ പരിരക്ഷയ്ക്ക് അവകാശികള്‍ അര്‍ഹരല്ല എന്നു കമ്മിഷന്‍ കണ്ടെത്തി. അതേസമയം പോളിസി അപേക്ഷകള്‍ 15 ദിവസത്തിനകം പ്രോസസ് ചെയ്ത് തീരുമാനം അപേക്ഷകനെ അറിയിക്കണമെന്ന വ്യവസ്ഥ എല്‍.ഐ.സി ലംഘിച്ചെന്നും കമ്മിഷന്‍ കണ്ടെത്തി. 2020 ജനുവരി മൂന്നിന് 20,72,565 രൂപ പോളിസി നിക്ഷേപമായി കൈപ്പറ്റിയിട്ടും 2020 സെപ്റ്റംബര്‍ വരെ പോളിസി അംഗീകരിച്ചതായോ നിരസിച്ചതായോ അവകാശികളെ അറിയിക്കാതിരുന്നതും പ്രീമിയം തുകയായ 20,72,565 രൂപ 2021 ജനുവരി വരെ അവകാശികള്‍ക്കു തിരികെ നല്‍കാതിരുന്നതും ഗുരുതര സേവന വീഴ്ചയാണെന്ന് കണ്ടെത്തി. 
 
കോവിഡ് കാരണം പ്രവാസികള്‍ക്കു എല്‍.ഐ.സിയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി നിഷേധിച്ചതു ജീമോനെ മരണത്തിനു മുമ്പേ അറിയിക്കാതിരുന്നതു വഴി മറ്റു കമ്പനികളുടെ പോളിസി എടുക്കാനുള്ള അവസരം നിഷേധിച്ചതും ഗുരുതരമായ സേവനവീഴ്ചയാണെന്നും കമ്മിഷന്‍ വിലയിരുത്തി. ഇക്കാര്യങ്ങള്‍ പരിഗണിച്ച അഡ്വ വി.എസ്.മനൂലാല്‍ പ്രസിഡന്റും അഡ്വ. ആര്‍.ബിന്ദു, കെ.എം.ആന്റോ എന്നിവര്‍ അംഗങ്ങളുമായിട്ടുള്ള കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ജീമോന്റെ ഭാര്യയ്ക്കും മക്കള്‍ക്കും 50 ലക്ഷം രൂപ 9% പലിശ സഹിതം ഒരു മാസത്തിനുള്ളില്‍ തിരികെ നല്‍കണമെന്നും അല്ലാത്തപക്ഷം 12% പലിശയും, പിഴയും, 10,000 രൂപ കോടതി ചിലവും സഹിതം നല്‍കണമെന്നും ഉത്തരവിട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍