3500 ലിറ്റര്‍ വ്യാജകള്ള്‌ പിടികൂടി

Webdunia
തിങ്കള്‍, 31 ഡിസം‌ബര്‍ 2007 (14:41 IST)
പത്തനംതിട്ട - കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും 3500 ലിറ്റര്‍ വ്യാജകള്ള്‌ പിടികൂടി. ഐ.ജി ഋഷിരാജ്‌ സിംഗിന്‍റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് കള്ള് പിടികൂടിയത്.

പത്തനംതിട്ട - കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ തെങ്ങമത്തെ രണ്ട് കള്ള് ഷാപ്പുകളില്‍ നിന്നുമാണ് 3500 ലിറ്റര്‍ വ്യാജകള്ള്‌ പിടികൂടിയത്. തെങ്ങമം, പഴകുളം, പള്ളിക്കല്‍, അടൂര്‍ എന്നിവിടങ്ങളിലാണ്‌ റെയ്‌ഡ്‌ നടക്കുന്നത്‌. ഇന്ന്‌ രാവിലെ 7 മുതലാണ്‌ കള്ള്‌ ഷാപ്പുകളില്‍ റെയ്‌ഡ്‌ തുടങ്ങിയത്‌.

കള്ള്‌ കലക്കുന്ന കേന്ദ്രങ്ങളെന്ന്‌ കരുതുന്ന എട്ട് സ്ഥലങ്ങളിലും പ്രത്യേകസംഘം പരിശോധന നടത്തി. തെങ്ങമത്തെ ഷാപ്പുകളില്‍ നിന്നും ഡയറികളും കണക്കു ബുക്കുകളും പിടിച്ചെടുത്തിട്ടുണ്ട്‌. വ്യാജകള്ള്‌ നിര്‍മ്മിക്കുന്ന ചില കേന്ദ്രങ്ങളില്‍നിന്നും ഇതിനാവശ്യമായ സാധനങ്ങളുടെ അവശിഷ്‌ടങ്ങളും കണ്ടെത്തി.

ഗോഡൗണുകളും കലക്കുകേന്ദ്രങ്ങളും സീല്‍ ചെയ്‌ത പ്രത്യേക അന്വേഷണസംഘം കള്ള്‌ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളെപ്പറ്റിയും വിശദമായ അന്വേഷണം നടത്തുന്നുണ്ട്‌. റെയ്‌ഡ്‌ വിവരം അറിഞ്ഞതോടെ ചില സ്ഥലങ്ങളില്‍ കള്ള്ഷാപ്പുകള്‍ പൂട്ടി ജീവനക്കാര്‍ സ്ഥലംവിട്ടിരുന്നു.