“അയാള്‍ എന്തൊക്കെയോ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് കേട്ടു, അര്‍ഹിക്കുന്ന അവജ്ഞയോടെ അത് തള്ളിക്കളയുന്നു”

വ്യാഴം, 19 ഫെബ്രുവരി 2015 (17:52 IST)
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആരോപണങ്ങളെ താന്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. താന്‍ കത്ത് അയച്ചത് പോളിറ്റ് ബ്യൂറോയ്ക്കാണ്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് പി ബി ആണെന്നും വി എസ്  വ്യക്തമാക്കി.
 
പാര്‍ട്ടി സമ്മേളനം നടക്കുന്ന കാലയളവില്‍ പാര്‍ട്ടിയിലെ ഏതെങ്കിലും സഖാവിനെതിരെ നടപടിയെടുക്കാനോ പരസ്യമായി വിമര്‍ശിക്കാനോ സാധ്യമല്ല. അയാള്‍ തനിക്കെതിരെ എന്തൊക്കെയോ ആരോപണങ്ങള്‍ പറഞ്ഞെന്ന് കേട്ടു. അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും വി എസ് വ്യക്തമാക്കി.
 
ഉദാഹരണസഹിതമാണ് താന്‍ കേന്ദ്രനേതൃത്വത്തിന് കത്ത് അയച്ചിരിക്കുന്നത്. അതിനെ ആധാരമാക്കി ആയിരിക്കും വിജയന്‍ പ്രസ്താവന പുറപ്പെടുവിച്ചത്. സമ്മേളനകാലത്ത് പാര്‍ട്ടി സഖാക്കള്‍ക്ക് എതിരെ നടപടി എടുത്തു കൂടാത്തതാണെന്ന് കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. അയാള്‍ ഏതാണ്ട് നടപടി സ്വീകരിച്ചെന്ന് പത്രക്കാരെ അറിയിച്ചെന്നു കേട്ടു. അത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളികളയുന്നെന്നും വി എസ് പറഞ്ഞു.
 
താന്‍ കത്ത് നല്കിയത് പോളിറ്റ് ബ്യൂറോയ്ക്ക് ആണ്. പി ബിയില്‍ നിന്ന് ആണ് തനിക്ക് മറുപടി ലഭിക്കേണ്ടത്. പി ബി അംഗങ്ങള്‍ ഇവിടെ വരുമ്പോള്‍ അത് സംബന്ധിച്ച് താന്‍ വിശദമായി സംസാരിച്ച് അവരുടെ മറുപടി മനസ്സിലാക്കുന്നതാണ്. 
അത് ആസ്പദമാക്കിയായിരിക്കും താന്‍ നിലപാട് സ്വീകരിക്കുക എന്നും വി എസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക