‘ഭവന ഭാരത സൊസൈറ്റി’ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

Webdunia
വ്യാഴം, 21 മെയ് 2015 (13:44 IST)
സംസ്ഥാനത്തെ ഭവനരഹിതര്‍ക്കായി ‘ഭവന ഭാരത സൊസൈറ്റി’ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആലപ്പുഴയില്‍ ഇതിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആലപ്പുഴയില്‍ ജനസമ്പര്‍ക്ക പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ജില്ല കലക്ടര്‍ അധ്യക്ഷനായിട്ടുള്ള സൊസൈറ്റി ആയിരിക്കും പദ്ധതി നിയന്ത്രിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ധനസഹായം തേടിയായിരിക്കും പദ്ധതി നടപ്പാക്കുക.
 
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ 'ഭൂരഹിതരില്ലാത്ത കേരള'ത്തില്‍ 14163 കുടുംബങ്ങളാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. എന്നാല്‍, പദ്ധതിപ്രകാരം ഇതുവരെ മൂന്നു സെന്റ് ഭൂമി ലഭിച്ചത് 158 കുടുംബങ്ങള്‍ക്ക് മാത്രമാണ്. പുതിയ പദ്ധതി ഭൂമിയും വീടുമില്ലാത്തവര്‍ക്ക് ആശ്വാസമായേക്കും.