‘പിണറായി വിചാരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ യുഡി‌എഫ് സര്‍ക്കാര്‍ താഴെ, ആറു എം‌എല്‍‌എമാര്‍ ഇടതുപക്ഷത്തേക്ക് വരാന്‍ തയ്യാറാകും‘: വെള്ളാപ്പള്ളി നടേശന്‍

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2013 (11:23 IST)
PRO
സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിചാരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ യുഡിഎഫ് സര്‍ക്കാറിനെ താഴെയിറക്കാനാകുമെന്ന് യോഗം ജനറല്‍ എസ്എന്‍ഡിപി സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍‍.

ജനങ്ങളെ ബുദ്ധിമുട്ടിച്ച് സമരം ചെയ്യേണ്ട ആവശ്യമില്ല. യുഡിഎഫിലെ ആറു എംഎല്‍എമാര്‍ ഇടത്പക്ഷത്തേക്ക് വരാന്‍ തയ്യാറാണ്. അതേസമയം ഉമ്മന്‍ചാണ്ടി രാജിവെക്കാന്‍ ഒരു സാധ്യതയുമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ തിരുവനന്തപുരത്ത് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു കാട്ടില്‍ രണ്ടു പുലികള്‍ വാഴില്ല, അതുകൊണ്ട്‌ തമ്മില്‍ കടിച്ചു കീറാതെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങിയ മോഹങ്ങള്‍ ഉപേക്ഷിച്ച്‌ രമേശ്‌ ചെന്നിത്തല കേന്ദ്രത്തിലേക്കു പോകുന്നതാണ്‌ നല്ലെതെന്നാണ്‌ തന്റെ അഭിപ്രായമെന്നും വെളളാപ്പളളി തിരുവനന്തപുരത്ത്‌ പറഞ്ഞു.

അസംതൃപ്‌തരായ ഘടകകക്ഷികളെ ഒന്നിച്ചു കൊണ്ടുപോകാന്‍ ഉമ്മന്‍ചാണ്ടിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. കൂടെ നില്‍ക്കുന്നവര്‍ പോലും തിരിഞ്ഞു കൊത്തുമ്പോള്‍ ഒരു സര്‍പ്പയജ്‌ഞക്കാരന്റെ പ്രാഗത്ഭ്യത്തോടെയാണ്‌ ഉമ്മന്‍ചാണ്ടി മുന്നോട്ട്‌ പോകുന്നത്‌. മറ്റ്‌ ആര്‌ വന്നാലും 24 മണിക്കുറിനുള്ളില്‍ സര്‍ക്കാര്‍ നിലംപൊത്തുമെന്ന്‌ ഉറപ്പാണെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.