നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തയുടന്‍ താരസംഘടനയായ ‘അമ്മ’യില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. ജയിലില്‍ നിന്നു ജാമ്യം ലഭിച്ച് പുറത്തുവന്നാലും ‘അമ്മയോട്’ സഹകരിക്കാനില്ലെന്ന നിലപാടിലാണ് ദിലീപെന്നാണ് റിപ്പോര്‍ട്ടുകള്‍.
തന്നെ കാണാന്‍ ജയിലിലെത്തിയ സുഹൃത്തുക്കളോടും മറ്റും ദിലീപ് ഇക്കാര്യം സൂചിപ്പിച്ചുവത്രേ. ദിലീപ് തിരിച്ചുവന്നാല്‍ താരം അലങ്കരിച്ചിരുന്ന സ്ഥാനം തിരിച്ചുനല്‍കുമെന്ന് അടുത്തിടെ രുപീകരിച്ച തിയറ്റര്‍ ഉടമകളുടെ സംഘടന വ്യക്തമാക്കിയിരുന്നു. ഈ ഒരു പരിഗണന പോലും ‘അമ്മ’ ദിലീപിനോട് കാണിക്കാത്തതില്‍ താരത്തിന്റെ സുഹൃത്തുക്കള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്.
കോടതി വിധി പറയുന്നതിന് മുന്നേ കുറ്റാരോപിതനായ ഒരു വ്യക്തിയോട് ഇത്ര കടുത്ത നിലപാട് സ്വീകരിച്ചതില്‍ ദിലീപ് വിഭാഗത്തിന് ഇപ്പോഴും എതിര്‍പ്പാണുള്ളത്. പൃഥ്വിരാജ്, രമ്യ നമ്പീശന്‍, ആസിഫ് അലി എന്നിവരുടെ മാത്രം നിലപാടില്‍ നിന്നുകൊണ്ട് ദിലീപിനെ പിന്തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നും ഇവര്‍ പറയുന്നുണ്ട്.
അമ്മക്ക് സിനിമാലോകത്ത് ഏറെ അംഗീകാരം കിട്ടിയ ‘കൈനീട്ടം’ പദ്ധതിക്ക് ഫണ്ട് ലഭിച്ചത് ദിലീപ് മുന്‍കൈ എടുത്ത് നിര്‍മിച്ച ട്വന്റി ട്വന്റി എന്ന സിനിമയിലൂടെയാണ് എന്നത് ‘അമ്മയിലെ’ അംഗങ്ങള്‍ മറന്നുവെന്നും ഇത് നന്ദികേടാണെന്നും ദിലീപ് വിഭാഗം ആരോപിക്കുന്നുണ്ട്. ദിലീപ് വിഷയത്തില്‍ സത്യം പുറത്ത് വരുമ്പോള്‍ അമ്മയിലെ അംഗങ്ങളില്‍ ചിലരെങ്കിലും ‘ഞങ്ങള്‍ ദിലീപിനോട് ഒപ്പമായിരുന്നു‘ എന്ന് പറഞ്ഞ് രംഗത്തെത്തുമെന്നും അതിനുള്ള ‘ഉള്ളുപ്പില്ലായ്മ’ ചിലര്‍ കാണിക്കുമെന്നും ഈ വിഭാഗം പറയുന്നുണ്ട്.