‘ക്ഷേത്ര സുരക്ഷ: ആചാരങ്ങള്‍ പ്രതിബന്ധങ്ങളാവുന്നു’

Webdunia
ഞായര്‍, 31 ജൂലൈ 2011 (12:31 IST)
അമൂല്യസമ്പത്ത് ശേഖരം കണ്ടെടുത്ത തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് എ ഡി ജി പി വേണുഗോപാല്‍ കെ നായര്‍ അറിയിച്ചു. സുരക്ഷ കൂട്ടുന്ന കാര്യത്തില്‍ ആചാരപരമായ പ്രതിബന്ധങ്ങള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇത് ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഒരു ദൃശ്യമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എ ഡി ജി പി.

ക്ഷേത്രത്തിന് കാവല്‍ നില്‍ക്കുന്ന കമാന്റോകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ആധുനിക ക്യാമറകളും സ്കാനറുകളും സ്ഥാപിക്കും. ഇതിനായി കെല്‍ട്രോണിനെ ചുമതലപ്പെടുത്തിയതായും എ ഡി ജി പി വ്യക്തമാക്കി.

കോടികളുടെ സമ്പത്ത് ശേഖരം കണ്ടെടുത്ത ക്ഷേത്രത്തിന് സുരക്ഷാ വീഴ്ച ഉള്ളതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സമ്പത്തിനെക്കുറിച്ച് പുറം ലോകം അറിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും സുരക്ഷാ കാര്യങ്ങളില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതായും ആരോപണം ഉണ്ടായിരുന്നു. ക്ഷേത്രത്തിന് ത്രിതല സുരക്ഷാവലയം ഏര്‍പ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും അത് ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.