കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൾസർ സുനി നടൻ ദിലീപിന് എഴുതിയതെന്ന് കരുതുന്ന കത്തു പുറത്ത്. ‘ദിലീപേട്ടാ’ എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങുന്നത്. താന്‍ എഴുതിയ ഈ കത്ത് വളരെ ബുദ്ധിമുട്ടിയാണ് കൊടുത്തുവിടുന്നതെന്ന വിശദീകരണവും കത്തിലുണ്ട്.
കേസിൽ പെട്ടതോടെ എന്റെ ജീവിതം പോയി. എന്റെ കാര്യം നോക്കേണ്ട കാര്യമില്ല. പക്ഷേ എന്നെ വിശ്വസിച്ച് കൂടെ നിന്ന അഞ്ചുപേരെ എനിക്ക് രക്ഷിച്ചേ തീരൂവെന്നും കത്തിലുണ്ട്. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ 1.5 കോടി രുപ ആവശ്യപ്പെട്ട് സുഹൃത്തും സംവിധായകനുമായ നാദിർഷായ്ക്കും മാനേജർ അപ്പുണ്ണിക്കും ബ്ലാക്ക്മെയിൽ രീതിയില്‍ സന്ദേശം ലഭിച്ചെന്ന് സൂചനകളുണ്ട്.
പൾസർ സുനിയുടെ സുഹൃത്തെന്ന് പരിചയപ്പെടുത്തിയ വിഷ്ണു എന്നയാളാണ് പണം ആവശ്യപ്പെട്ടതെന്ന് നാദിർഷാ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. അതേസമയം, താൻ ഈ കത്ത് കൊടുത്തുവിടുന്നയാളുടെ പേര് വിഷ്ണുവെന്നാണെന്ന് പൾസർ സുനി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇവരുടെ ഫോണ്‍വിളികള്‍ ഉള്‍പ്പെടെ ഭീഷണിയെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങള്‍ പൊലീസിന് കൈമാറിയെന്ന് നടന്‍ ദിലീപ് പറഞ്ഞു. തന്റെ സഹായിയെയും നാദിര്‍ഷായെയുമാണ് ഇയാള്‍ വിളിച്ചത്. താന്‍ പരാതി നല്‍കിയത് രണ്ട് മാസം മുമ്പാണ്. അതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നതെന്നും ദിലീപ് പറഞ്ഞു.