കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് കേരള പൊലീസിന്റെ ചരിത്രത്തില്‍ തന്നെ ഒരു പൊന്‍തൂവല്‍ ആയി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. എത്ര വിലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ വലയില്‍ വീഴുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ സത്യമാക്കുകയാണ് ദിലീപിന്റെ അറസ്റ്റ്.
മലയാളസിനിമ മേഖലയില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമായാണ് അരങ്ങേറുന്നത്. സിനിമാലോകം ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഇടതുപക്ഷത്തുള്ള രണ്ട് എംഎല്‍എ മാരും എംപിമാരും ദിലീപിനെ പിന്തുണച്ചത് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനമായും ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടയിലാണ് സിനിമയെ വെല്ലുന്ന ക്ലൈമാക്സ് സംഭവിച്ചിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്നും തെറ്റ് ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വനിതാ സംഘടനാ നേതാക്കളുടെ യോഗത്തില്‍ വിശദമായി സംസാരിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.