‘ആരോപണവിധേയനായ തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ചതെന്തിന്?’; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (14:23 IST)
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കെ സുപ്രധാനമായ ഒരു പദവിയില്‍ ടോമിന്‍ തച്ചങ്കരിയെ നിയമിച്ചതെന്തിനാണെന്ന് കോടതി ചോദിച്ചു. എന്തുകൊണ്ടാണ് സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ ഇത്ര വൈകുന്നതെന്നു ചോദിച്ച കോടതി ഈ മാസം 28ന് മുമ്പ് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് ആസ്ഥാനത്തെ തച്ചങ്കരിയുടെ നിയമനവുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ വിമര്‍ശനങ്ങള്‍.
 
ഡിജിപി സെന്‍കുമാര്‍ വിരമിച്ചതിനു ശേഷം മതി വിവരങ്ങള്‍ നല്‍കുന്നതെന്ന തീരുമാനമാണോ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്നും കോടതി ആരാഞ്ഞു. തച്ചങ്കരി ഉള്‍പ്പെട്ട കേസുകളുടെ വിവരങ്ങള്‍ നല്‍കാന്‍ നേരത്തെ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേസ് പരിഗണിച്ച ഇന്നും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയില്ല. തുടര്‍ന്നാണ് ഇനി കേസ് പരിഗണിക്കുന്ന ബുധനാഴ്ച തന്നെ സത്യവാങ്മൂലം നല്‍കണമെന്ന് കര്‍ശനം നിര്‍ദേശം കോടതി മുന്നോട്ടുവച്ചത്.
 
സുപ്രീംകോടതിയില്‍ നടത്തിയ കേസിനൊടുവിലായിരുന്നു സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റത്. ഇതിന് മുന്നോടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിശ്വസ്ഥന്‍ കൂടിയായ ടോമിന്‍ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുവന്നതെന്ന ആക്ഷേപമാണ് ഉയര്‍ന്നു വന്നത്. സെന്‍കുമാര്‍ തിരികെ സര്‍വീസില്‍ എത്തിയത് മുതല്‍ ഇവര്‍ തമ്മിലുളള ഭിന്നതകള്‍ രൂക്ഷമായതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Next Article