ഹരിഹരവര്‍മ്മ വധം: പ്രതികള്‍ പിടിയില്‍

Webdunia
ശനി, 5 ജനുവരി 2013 (11:56 IST)
PRO
PRO
രത്നവ്യാപാരി ഹരിഹര വര്‍മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ പിടിയിലായതായി സൂചന. കൊലപാതകവുമായി ബന്ധപ്പെട്ട നാലു പേര്‍ പൊലീസ് കസ്റ്റ‌ഡിയിലായെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് വിവരങ്ങളൊന്നും പൊലീസ് പുറത്ത് വിട്ടിട്ടില്ല.

കേസില്‍ അന്വേഷണം ഇഴയുന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറിയിരുന്നു‌. ഡിസംബര്‍ 24നാണ് ഹരിഹരവര്‍മ്മ വട്ടിയൂര്‍ക്കാവ് പുതൂര്‍ക്കോണത്തെ വീട്ടില്‍ കൊല്ലപ്പെട്ടത്.

മാവേലിക്കര സ്വദേശി ഹരിഹരവര്‍മയുടെ പൂര്‍വ പശ്‌ചാത്തലം ദുരൂഹവും നിഗൂഢവുമാണ്. കൊലയ്‌ക്ക് ദൃക്‌സാക്ഷിയാണെന്നു കരുതപ്പെടുന്ന അഡ്വ ഹരിദാസിന്റെ മൊഴിയിലും നിറഞ്ഞു നില്‍കുന്നതു ദുരൂഹതയാണ്‌. ഹരിഹര വര്‍മയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇടപാടുകളുടെ ചില രേഖകളും ഡയറിയും ലഭിച്ചു. അഡ്വ ഹരിദാസിന്റെ മൊബൈലില്‍ നിന്നുള്ള കോളുകളുടെ വിശദാംശങ്ങളും പൊലീസ്‌ ശേഖരിച്ചിട്ടുണ്ട്‌.

എറണാകുളം ജില്ലയിലെ ഒരു യുവതിയുമായി വര്‍മ ബന്ധം പുലര്‍ത്തിയിരുന്നു‌. ഈ ബന്ധം തെളിയിക്കുന്ന രേഖകള്‍ വട്ടിയൂര്‍ക്കാവിലെ വീട്ടില്‍നിന്നു പൊലീസ്‌ കണ്ടെടുത്തു. യുവതിയെത്തേടി അന്വേഷണസംഘം കൊച്ചിയിലും പാലക്കാട്ടും എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികളുടേതെന്നു സംശയിക്കുന്ന വിരലടയാളങ്ങളും സാക്ഷികള്‍ നല്‍കിയ വിവരങ്ങള്‍ വച്ചു തയാറാക്കിയ രണ്ടു രേഖാചിത്രങ്ങളും അയല്‍ സംസ്‌ഥാനങ്ങളിലെ ഇന്റലിജന്‍സ്‌ വിഭാഗത്തിനു കൈമാറി.

വര്‍മയില്‍നിന്നു വില കുറഞ്ഞ രത്നങ്ങള്‍ വാങ്ങി കബളിപ്പിക്കപ്പെട്ടവരാണോ കൊലയ്‌ക്കു പിന്നിലെന്നു പൊലീസ്‌ സംശയിക്കുന്നുണ്ട്‌. ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ കച്ചവടത്തിന്‌ എത്തിയവരെ പൊലീസ്‌ തിരയുന്നുണ്ട്‌.