സ്വര്‍ണം തട്ടിയ യുവതിയെ നാട്ടുകാര്‍ ഓടിച്ചിട്ടുപിടിച്ചു

Webdunia
ബുധന്‍, 9 ജൂണ്‍ 2010 (16:11 IST)
ജ്വല്ലറിയിലെത്തി മൂന്നു ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ശേഷം പണം നല്‍കാതെ യുവതി ഇറങ്ങിയോടി. നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. ചേര്‍ത്തലയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. അരൂര്‍ കാരമൂട്ടില്‍ ശ്രീകുമാറിന്‍റെ ഭാര്യ ധനശ്രീ(21)യാണ്‌ പിടിയിലായത്. അന്വേഷണം പുരോഗമിക്കുന്നു.

ചേര്‍ത്തല ഇരുമ്പ് പാലത്തിന് സമീപമുള്ള ജ്വല്ലറിയിലായിരുന്നു സംഭവം. ജ്വല്ലറിയിലെത്തിയ ധനശ്രീ തന്‍റെ കല്യാണ ആവശ്യത്തിനെന്ന പേരിലാണ് സ്വര്‍ണം വാങ്ങിയത്. അഞ്ചരപ്പവന്‍റെ മാല വാങ്ങി കഴുത്തിലണിയുകയും രണ്ടു വളകള്‍ കൈയിലിടുകയും ചെയ്തു. രണ്ടു മോതിരങ്ങളില്‍ പേരുകള്‍ എഴുതി വാങ്ങി. ബാക്കി സ്വര്‍ണവും വാങ്ങിയ ശേഷം ബില്‍ കൌണ്ടറിലെത്തിയ ധനശ്രീ പഴ്സ് കാണാനില്ലെന്ന് ജ്വല്ലറി ജീവനക്കാരെ അറിയിച്ചു.

ജ്വല്ലറിയില്‍ നിന്നു തന്നെ വീട്ടിലേക്കു വിളിച്ചു. ‘സഹോദരന്‍ പണവുമായി ഇപ്പോള്‍ വരും’ എന്ന് ജീവനക്കാരോടു പറഞ്ഞു. ഏറെ നേരമായിട്ടും ആരെയും കാണാതായപ്പോള്‍ ജ്വല്ലറി ജീവനക്കാര്‍ കാരണം അന്വേഷിച്ചു. ഇതോടെ, തന്ത്രത്തില്‍ പുറത്തിറങ്ങിയ യുവതി വേഗത്തില്‍ ഓടി. ജ്വല്ലറി ജീവനക്കാരും സംഭവമറിഞ്ഞ നാട്ടുകാരും പിറകേ പാഞ്ഞു. ഓടുന്നതിനിടെ ഹെല്‍മറ്റ് ധാരിയായ ഒരാള്‍ ബൈക്കില്‍ വന്ന് ധനശ്രീയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ പിന്നാലെയെത്തിയ നാട്ടുകാര്‍ ധനശ്രീയെ പിടികൂടി. ബൈക്കിലെത്തിയയാള്‍ രക്ഷപ്പെടുകയും ചെയ്തു.

യുവതിയെ പൊലീസ് സ്റ്റേഷനിലെത്തിക്കാനായി ഓട്ടോയില്‍ കയറ്റി. ഇതിനിടെ മൊബൈല്‍ ഫോണില്‍ നിന്ന് സിം കാര്‍ഡ് എടുത്ത ധനശ്രീ അത് ഒടിച്ചു നശിപ്പിച്ചു. ഫോണ്‍ പുറത്തേക്ക് എറിഞ്ഞുകളയുകയും ചെയ്തു.

ധനശ്രീ ഇങ്ങനെ ഒരു തട്ടിപ്പു നടത്തിയത് വിശ്വസിക്കാനാകാതെ അമ്പരക്കുകയാണ് വീട്ടുകാരും നാട്ടുകാരും. ഭര്‍ത്താവിന്‍റെ അറിവോടെയല്ല ധനശ്രീ ഈ തട്ടിപ്പ് നടത്തിയത്. പനങ്ങാട്ടെ എയര്‍ടെല്‍ ഓഫീസില്‍ ഉദ്യോഗസ്ഥയായിരുന്നു ധനശ്രീ. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി അവര്‍ ഇവിടെ ജോലിക്കെത്തിയിരുന്നില്ല. വീട്ടില്‍ ഇക്കാര്യം അറിയിച്ചിരുന്നുമില്ല. എന്നും ജോലിക്കെന്നുപറഞ്ഞ് ധനശ്രീ വീട്ടില്‍ നിന്ന് ഇറങ്ങുകയും വൈകുന്നേരം തിരിച്ചെത്തുകയും ചെയ്തിരുന്നു. ഈ സമയങ്ങളില്‍ ധനശ്രീ എവിടേക്കാണ് പോയിരുന്നതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഏതോ തട്ടിപ്പുസംഘത്തില്‍ ധനശ്രീ അകപ്പെട്ടിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.