സ്വദേശിവല്‍ക്കരണം: ചിലര്‍ ഭീതി സൃഷ്ടിക്കുന്നെന്ന് ആര്യാടന്‍

Webdunia
ശനി, 30 മാര്‍ച്ച് 2013 (16:53 IST)
PRO
PRO
സൗദിയില്‍ നടക്കുന്ന സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട്‌ നാട്ടില്‍ ഭീതി സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. രാഷ്ട്രീയ മുതലെടുപ്പാണ് ഇവരുടെ ലക്‍ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍ നേരത്തേയുള്ള നിയമം പുനരവലോകനം ചെയ്യുന്നു എന്നേയുള്ളൂ. കൂടുതലായി ആശങ്കപ്പെടാന്‍ ഇതിലൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കും. ഭീതിയുടെ ആവശ്യമില്ല. കാള പെറ്റു എന്ന കേട്ടപ്പോഴേക്കും കയറെടുത്തതു പോലെയാണ്‌ ചിലരുടെ സമരപ്രഖ്യാപനം. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഇത്‌ കാര്യമായി ബാധിക്കുമെന്നു തോന്നുന്നില്ല.

സ്വദേശിവല്‍ക്കരണം അവരുടെ അവകാശമാണ്‌. എപ്പോഴായാലും അറബി പറയുമ്പോള്‍ തിരികെ പോരേണ്ടിവരും. ഗള്‍ഫ്‌ വരുമാനമാണ്‌ സംസ്ഥാനത്തിന്റെ സമ്പദ്‌ ഘടനയെ പിടിച്ചുനിറുത്തുന്നത്‌ എന്നതു ശരി തന്നെ. എന്നാല്‍ അതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നതു ശരിയല്ലെന്നും ആര്യാടന്‍ വ്യക്തമാക്കി.