നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ തുടക്കമായി. സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരും. സുരക്ഷ ഫലപ്രദമായി നടപ്പാക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ഫെബ്രുവരി 21 വരെ നീളുന്ന സെഷനില്‍ 14 ദിവസം സഭ ചേരും.
സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് 3 സെന്റ് ഭൂമി ഓഗസ്റ്റില്‍ നല്‍കും. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും. കൊച്ചി മെട്രോയും സ്മാര്‍ട്ട് സിറ്റിയും കേരളത്തിന്റെ വികസനത്തിന്റെ വേഗത കൂട്ടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി ഗവര്‍ണര്‍ പറഞ്ഞു.
മാര്‍ച്ച് രണ്ടാംവാരം ആരംഭിക്കുന്ന രണ്ടാംഘട്ടത്തിലാണ് ബജറ്റ് അവതരണം. ഇതില്‍ എട്ട് ദിവസം നിയമനിര്‍മാണമായിരിക്കുമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
വനിതാസംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള സുപ്രധാന നിയമ നിര്‍മാണങ്ങള്‍ ഈ സഭാസമ്മേളനത്തിലുണ്ടാവും. 18 ഓര്‍ഡിനന്‍സുകള്‍ക്ക് പകരുമുള്ള ബില്ലുകള്‍ നിയമമാക്കേണ്ടതുണ്ട്. ഏതൊക്കെ ബില്ലുകളാണ് പരിഗണിക്കുക എന്നത് ഫെബ്രുവരി 4 ന് ചേരുന്ന ബിസിനസ് അഡൈ്വസറി കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കും.