സോളാര്‍ വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് ഡല്‍ഹിയ്ക്ക് പോകും. ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താനാണ് മുഖ്യമന്ത്രി ഡല്‍ഹിക്ക് പോകുന്നത്.
എഐസിസി സംഘടിപ്പിക്കുന്ന ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാനാണ് ഔദ്യോഗികമായി മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രി കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് സോണിയാഗാന്ധിയും കേന്ദ്രനേതാക്കളുമായും ചര്‍ച്ച നടത്തും.
മന്ത്രിസഭാ പുനഃസംഘടന അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചക്ക് വിഷയമാകും. പ്രധാനമായും പ്രതിപക്ഷം ഉമ്മന്‍ചാണ്ടിയുടെ രാജിയ്ക്ക് മുറവിളി കൂട്ടുന്ന സാഹചര്യത്തില്‍ ഇതില്‍ കൈക്കൊള്ളേണ്ട നിലപാട് ഹൈക്കമാന്‍ഡ് അറിയിച്ചേക്കും. കേന്ദ്രത്തില്‍ പവന്‍കുമാര്‍ ബന്‍സല്‍ രാജി വെച്ചത് ബന്ധുവിനെതിരായ കേസ് ശക്തമായപ്പോഴാണ്. ഇതിലും ഗുരുതരമായി മുഖ്യമന്ത്രി തന്നെ പ്രതിയായി നില്‍ക്കുന്ന സാഹചര്യമുണ്ടായിട്ടും ഉമ്മന്‍ചാണ്ടി രാജി വെയ്ക്കാത്തത് കോണ്‍ഗ്രസിനുള്ളില്‍ തന്നെ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.