സോളാര്‍ കേസില്‍ സിറ്റിംഗ് ജഡ്ജിയില്ല

തിങ്കള്‍, 21 ഒക്‌ടോബര്‍ 2013 (19:16 IST)
PRO
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയില്ല. അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ നല്‍കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഹൈക്കോടതിയില്‍ ഫുള്‍കോര്‍ട്ട് യോഗം ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്.

ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്‍റെ അധ്യക്ഷതയിലാണ് ഫുള്‍കോര്‍ട്ട് യോഗം ചേര്‍ന്നത്. എല്ലാ ജഡ്ജിമാരും യോഗത്തില്‍ പങ്കെടുത്തു. ഇത് രണ്ടാം തവണയാണ് സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി വേണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം ഹൈക്കോടതി നിരസിക്കുന്നത്.

ആദ്യത്തെ അഭ്യര്‍ത്ഥന തള്ളിയ നടപടി പുനഃപരിശോധിക്കണമെന്ന സര്‍ക്കാരിന്‍റെ കത്ത് പരിഗണിച്ചാണ് തിങ്കളാഴ്ച ഫുള്‍കോര്‍ട്ട് ചേര്‍ന്നത്. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശവും ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ ആധിക്യവും കണക്കിലെടുത്താണ് സോളാര്‍ കേസ് അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ നല്‍കാനാവില്ല എന്ന് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

ഇനി അന്യസംസ്ഥാനത്തുനിന്നുള്ള ജഡ്ജിമാരെയോ അല്ലെങ്കില്‍ റിട്ടയേര്‍ഡ് ജഡ്ജിമാരെയോ പരിഗണിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന് മുമ്പിലുള്ള പോം‌വഴി.

ഇടതുമുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധത്തെ തുടര്‍ന്നാണ് സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചത്.

അതേസമയം, സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ ഡി എഫ് ക്ലിഫ്‌ ഹൗസ്‌ ഉപരോധം ആരംഭിക്കുകയാണ്. ഡിസംബര്‍ ഒമ്പതുമുതലാണ് അനിശ്ചിതകാല ക്ലിഫ് ഹൌസ് ഉപരോധം തുടങ്ങുന്നത്. നവംബര്‍ ഒന്നുമുതല്‍ മേഖലാജാഥകള്‍ നടത്താനും ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക