സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ജയിലില്‍ കിടക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദന്‍. ജുഡീഷ്യല്‍ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രിയും കുടുംബവും സരിതയ്‌ക്കും ബിജു രാധാകൃഷ്‌ണനും മുമ്പേ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കും. ഏതന്വേഷണത്തെ നേരിടാനും തയ്യാറാണെന്ന് പറയുന്ന മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണത്തെ ഭയക്കുകയാണെന്നും വിഎസ് പറഞ്ഞു.
തിരുവനന്തപുരത്ത് എല്‍ഡിഎഫ് തിരുവനന്തപുരം ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന രാഷ്‌ട്രീയ വിശദീകരണയോഗം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ തട്ടിപ്പ് തെളിഞ്ഞാല്‍ മന്ത്രിമാര്‍ക്കും ജയിലില്‍ കിടക്കേണ്ടി വരുമെന്നും മുഖ്യമന്ത്രിയും കുടുംബവും തട്ടിപ്പിന് കൂട്ടു നില്‍ക്കുകയാണെന്നും വിഎസ് ആരോപിച്ചു.
മുഖ്യമന്ത്രി അധികകാലം അധികാരത്തില്‍ തുടരില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തെറ്റ് ചെയ്തതിന്റെ ഭയമാണ് ഉമ്മന്‍ ചാണ്ടിയെ അലട്ടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.