സേലത്ത് ഗോവിന്ദചാമിയുടെ അഴിഞ്ഞാട്ടം!

Webdunia
ചൊവ്വ, 24 ഏപ്രില്‍ 2012 (12:49 IST)
PRO
PRO
സൌമ്യ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗോവിന്ദചാമി ജയില്‍ അധികൃതര്‍ക്ക് പേടിസ്വപ്നമാണ്. അക്രമവും അസഭ്യവര്‍ഷവും ആത്മഹത്യാശ്രമവുമെല്ലാം നടത്തിയിട്ടുണ്ട് ഗോവിന്ദചാമി. കഴിഞ്ഞ ദിവസം ഒരു കേസിന്റെ വിചാരണയ്ക്കായി സേലത്ത് എത്തിച്ചപ്പോള്‍ പ്രകടനങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല.

ഒരു കാലത്ത് ഗോവിന്ദചാമിയുടെ വിഹാരകേന്ദ്രമായിരുന്നു ട്രെയിന്‍. ഒരു സ്ത്രീയുടെ പണം ട്രെയിനില്‍ വച്ച് കവര്‍ന്ന കേസിന്റെ വിചാരണയ്ക്കായാണ് ഇയാളെ കഴിഞ്ഞ ദിവസം രാവിലെ സേലത്തെ കോടതിയില്‍ എത്തിച്ചത്. കോടതി മുറ്റത്ത് മാധ്യമങ്ങള്‍ക്ക് മുമ്പാകെ അസഭ്യം വിളിച്ചുപറഞ്ഞ ഗോവിന്ദച്ചാമി പൊലീസിനെയും വെല്ലുവിളിച്ചു. കേരള, തമിഴ്നാട് പൊലീസിന്റെ കൈവശം തനിക്കെതിരെ ഒരു തെളിവുമില്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

മനുഷ്യന്‍ ജനിക്കുന്നതു തെറ്റു ചെയ്യാനാണ്, അതുകൊണ്ട് എന്ത് ശിക്ഷ കിട്ടിയാലും ഒരു ചുക്കുമില്ലെന്നും പറഞ്ഞ് ഇയാള്‍ ചിരിക്കുകയും കരയുകയും ചെയ്തുകൊണ്ടിരുന്നു. ഗോവിന്ദചാമി അഭിനയിച്ചു തകര്‍ക്കുന്നത് പൊലീസ് നോക്കിനിന്നു. വിചാരണയ്ക്ക് ശേഷം ഇയാളെ തിരികെ പൂജപ്പുര ജയിലില്‍ കൊണ്ടുവന്നു. ഏപ്രില്‍ 26-നാണ് കേസിലെ വിധി.