സെന്‍‌കുമാറിന് കുരുക്ക് മുറുകുന്നു; വ്യാജമെഡിക്കല്‍ രേഖയിലൂടെ എട്ടു ലക്ഷം തട്ടാന്‍ ശ്രമിച്ചതിന് മുന്‍ ഡിജിപിക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

തിങ്കള്‍, 31 ജൂലൈ 2017 (08:19 IST)
ഡിജിപി സ്ഥാനത്ത് നിന്നും വിരമിച്ചതു മുതല്‍ വിവാദങ്ങള്‍ ടി പി സെന്‍‌കുമാറിനെ വിടാതെ പിന്തുടരുന്നുണ്ട്. മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തുകയും ആക്രമിക്കപ്പെട്ട നടിയെ മോശമായി ചിത്രീകരിക്കുകയും ചെയ്ത സംഭവത്തില്‍ സെന്‍‌കുമാറിനെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് പുതിയ കേസ്.
 
വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എട്ടു ലക്ഷം നേടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. വിജലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ സെന്‍‌കുമാറിനെതിരെ നല്‍കിയിരിക്കുന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാലാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോ കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചത്.
 
2016 ജൂണില്‍ സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് പിറ്റേന്നു തന്നെ സെന്‍കുമാര്‍ അവധിയില്‍ പ്രവേശിച്ചു. എട്ടുമാസത്തെ അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മെഡിക്കല്‍ ലീവായി പരിഗണിക്കണമെന്ന് പ്രത്യേക അപേക്ഷ നല്‍കി. അതിന്റെ രേഖകളും അദ്ദേഹം സമര്‍പ്പിച്ചു.
 
തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ ചികിത്സയിലായിരുന്നു എന്ന കാണിക്കുന്ന രേഖകളാണ് സെന്‍കുമാര്‍ സമര്‍പ്പിച്ചത്. രേഖകളില്‍ അസ്വാഭാവികത കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെന്‍‌കുമാറിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

വെബ്ദുനിയ വായിക്കുക