സൂര്യനെല്ലി: ഹൈക്കോടതിയെ സമീപിക്കാമെന്ന് തിരുവഞ്ചൂര്‍

Webdunia
ബുധന്‍, 13 ഫെബ്രുവരി 2013 (12:59 IST)
PRO
PRO
സൂര്യനെല്ലിക്കേസ്‌ പുനരന്വേഷണത്തിന്‌ ഹൈക്കോടതിയെ സമീപിക്കാമെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാരിന്‌ ലഭിച്ച നിയമോപദേശം അനുസരിച്ച്‌ മാത്രമേ മുന്നോട്ടുപോകാനാകൂവെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷം എന്തുകൊണ്ട്‌ ഹൈക്കോടതിയെ സമീപിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യനെതിരേ തുടരന്വേഷണം വേണമെന്ന വിഷയത്തില്‍ ലഭിച്ച മൂന്ന്‌ നിയമോപദേശങ്ങളും സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്തുവച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍ (ഡിജിപി) ടി അസഫലി, ജസ്റ്റിസ്‌ കെ പത്മനാഭന്‍ നായര്‍, നിയമ സെക്രട്ടറി രാമരാജ പ്രസാദ്‌ എന്നിവരുടെ നിയമോപദേശങ്ങളാണ്‌ സഭയുടെ മുന്നില്‍വെച്ചത്‌.

കേസില്‍ പുതിയതായി ഒന്നും സംഭവിച്ചിട്ടില്ലെന്ന ഡിജിപിയുടെ നിയമോപദേശം തന്നെയാണ് നിയമ സെക്രട്ടറിക്കും. കുര്യനെ പ്രതിയാക്കാന്‍ പറ്റിയ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. കേസില്‍ നിന്ന് കുര്യനെ സുപ്രീംകോടതി ഒഴിവാക്കിയതാണെന്നും അതിനാല്‍ തുടരന്വേഷണം സാധ്യമല്ലെന്നുമാണ്‌ നിയമോപദേശങ്ങളില്‍ വ്യക്തമാകുന്നത്‌. കേസില്‍ പെണ്‍കുട്ടിക്ക്‌ വേണ്ടി ഹാജരായ ജസ്റ്റിസ്‌ പത്മനാഭന്‍ നായരും കുര്യനെതിരേ പുനരന്വേഷണം വേണ്ടെന്ന നിയമോപദേശമാണ്‌ നല്‍കിയിരിക്കുന്നത്‌.