സൂര്യനെല്ലി: സര്‍ക്കാര്‍ നിലപാട് രാഷ്ട്രപതിയുടെ ഓര്‍ഡിനന്‍സിന് എതിരെന്ന് വിഎസ്

Webdunia
തിങ്കള്‍, 4 ഫെബ്രുവരി 2013 (12:35 IST)
PRO
PRO
സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യന്റെ പങ്ക് ഉള്‍പ്പെടുത്തി വീണ്ടും അന്വേഷണം നടത്തണം എന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

സൂര്യനെല്ലിക്കേസില്‍ പുനരന്വേഷണം വേണം എന്ന ആവശ്യത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനായി രാഷ്ട്രപതി ഒപ്പുവച്ച പുതിയ ഓര്‍ഡിനന്‍സിന് എതിരാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് എന്ന് വി എസ് പറഞ്ഞു. സര്‍ക്കാര്‍ നിലപാടിനോട് യാതൊരു തരത്തിലും യോജിച്ചു പോകാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ തീരുമാനം വരുന്നത് വരെ സര്‍ക്കാരുമായി യാതൊരു സന്ധിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സൂര്യനെല്ലിക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ കെ പി ദണ്ഡപാണിയെ അന്വേഷണം തീരുന്നത് വരെ അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പുനരന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്നത് പോലെയുള്ള പ്രതിഷേധ പരമ്പരകള്‍ കേരളത്തില്‍ അരങ്ങേറുമെന്നും പ്രതിപക്ഷം സഭവിട്ട് ഇറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.