സൂര്യനെല്ലിക്കേസില്‍ നിയമോപദേശം തേടും: തിരുവഞ്ചൂര്‍

Webdunia
ഞായര്‍, 3 ഫെബ്രുവരി 2013 (11:34 IST)
PRO
PRO
സൂര്യനെല്ലിക്കേസില്‍ നിയമോപദേശം തേടുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഇതിനുശേഷം തുടര്‍ നടപടികളെ കുറിച്ച്‌ തീരുമാനിക്കും. കേസില്‍ എജിയുടേയും ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്റേയും ഉപദേശം തേടും.

കുര്യനെ ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമം നടക്കുന്നതായി സംശയിക്കുന്നു. അദ്ദേഹത്തെ വ്യക്‌തിപരമായി ആക്ഷേപിക്കുന്നതില്‍ എതിര്‍പ്പുണ്ട്‌. ജോഷ്വക്കെതിരേ കുര്യന്‍ നല്‍കിയ പരാതി ആഭ്യന്തര വകുപ്പ്‌ പരിഗണിച്ചിരുന്നു.
നടപടിയെടുക്കാതിരുന്നതിനു കാരണങ്ങളുണ്ട്‌. പരാതി ലഭിക്കുമ്പോള്‍ ജോഷ്വ വിജിലന്‍സിലായിരുന്നു. ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്ന കേസില്‍ ജോഷ്വയ്‌ക്ക് ഇടപെടാനാവില്ലെന്ന് ബോധ്യമായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

തനിക്കെതിരേ ദ്രോഹം നടത്തിയ ജോഷ്വക്കെതിരേ പരാതി നല്‍കിയിട്ടും വിജിലന്‍സിലേക്ക്‌ സ്‌ഥാനക്കയറ്റം നല്‍കിയെന്നും ആഭ്യന്തരമന്ത്രി തന്റെ പരാതി പരിഗണിച്ചില്ല എന്നും പി.ജെ കുര്യന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. പാര്‍ട്ടിയിലെ പ്രബലമായ ഒരു വിഭാഗം തനിക്കെതിരേ പ്രവര്‍ത്തിക്കുന്നു എന്നും സൂര്യനെല്ലി കേസില്‍ തനിക്കെതിരേ വീണ്ടും ആരോപണമുയരുന്നതിനേ കുറിച്ച്‌ കുര്യന്‍ പ്രതികരിച്ചിരുന്നു.