സുധീരനെ വീഴ്ത്താന്‍ കളികള്‍, എല്ലാ ഗ്രൂപ്പുകളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ട്, സുധീരന്‍ ഐക്യം തകര്‍ത്തെന്നും തികഞ്ഞ പരാജയമെന്നും നേതാക്കള്‍; കോണ്‍ഗ്രസില്‍ സുധീരന്‍ ഒറ്റപ്പെടുന്നു!

Webdunia
ബുധന്‍, 16 മാര്‍ച്ച് 2016 (14:05 IST)
കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനെതിരെ വലിയ നീക്കങ്ങള്‍ കോണ്‍ഗ്രസ് അണിയറയില്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രൂപ്പ് വൈരം മറന്ന് എല്ലാ ഗ്രൂപ്പുകളും സുധീരനെതിരെ തിരിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസില്‍ സുധീരന്‍ ഐക്യം തകര്‍ത്തെന്നും സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനം ഇല്ലാതാക്കിയെന്നുമാണ് നേതാക്കള്‍ ആരോപണം ഉന്നയിക്കുന്നത്. 
 
കരുണ എസ്റ്റേറ്റ് വിഷയത്തില്‍ കെ പി സി സി യോഗത്തില്‍ കഴിഞ്ഞ ദിവസം സുധീരന്‍ ആഞ്ഞടിച്ചിരുന്നു. സുധീരന്‍റെ വിമര്‍ശനം അതിരുകടന്നെന്നും പാര്‍ട്ടിയിലെ ഐക്യം തകര്‍ത്തെന്നുമാണ് എ, ഐ ഗ്രൂപ്പുകള്‍ ആരോപണം ഉന്നയിക്കുന്നത്. സുധീരനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്നാണ് അറിയുന്നത്. 
 
സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരുമിപ്പിച്ച് കൊണ്ടുപോകുന്നതില്‍ സുധീരന്‍ തികഞ്ഞ പരാജയമായെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തല്‍. ഗ്രൂപ്പുകള്‍ക്കിടയില്‍ ഐക്യം ഉണ്ടാകണമെന്ന എ കെ ആന്‍റണി മുന്നോട്ടുവച്ച സന്ദേശത്തിന്‍റെ സത്ത സുധീരന്‍ തന്നെ ലംഘിച്ചതായും ഇവര്‍ ആരോപിക്കുന്നു.
 
ഹൈക്കമാന്‍ഡ് പ്രതിനിധി മുകുള്‍ വാസ്നിക്കിന് സുധീരനെതിരെ നേതാക്കള്‍ പരാതി നല്‍കുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ നടക്കുന്ന കൊള്ളകള്‍ക്ക് കൂട്ടുനില്‍ക്കാനാവില്ലെന്നാണ് സുധീരന്‍ കെ പി സി സി യോഗത്തില്‍ ആഞ്ഞടിച്ചത്. അഴിമതിയുടെ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്നും സുധീരന്‍ പറഞ്ഞിരുന്നു.
 
സുധീരന്‍റെ വിമര്‍ശനങ്ങള്‍ അതിരുകടന്നെന്ന് കെ സുധാകരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കെ പി സി സി യോഗത്തില്‍ വ്യക്തമാക്കി. എന്തായാലും എല്ലാ ഗ്രൂപ്പും ഒരുമിച്ച് നിന്ന് സുധീരനെതിരെ പോരാട്ടം നടക്കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍. എന്നാല്‍ സര്‍ക്കാരിനെ നേര്‍വഴിക്ക് നടത്തേണ്ട ചുമതല പാര്‍ട്ടിക്കാണെന്നും അതുമാത്രമേ താന്‍ ചെയ്യുന്നുള്ളൂ എന്നും മന്ത്രിമാര്‍ തെറ്റ് ചെയ്താല്‍ ഇനിയും തിരുത്തുമെന്നും സുധീരന്‍ പറയുന്നു.