സീറ്റ് നല്‍കാതെ ചതിച്ചെങ്കിലും ജെ എസ് എസ് ഇപ്പോഴും ഇടതുമുന്നണിയുടെ ഭാഗമെന്ന് ഗൌരിയമ്മ

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2016 (14:46 IST)
സീറ്റ് നല്‍കാതെ ഇടതുമുന്നണി ചതിച്ചെന്ന് തുറന്ന് പറയുമ്പോഴും ഇടതുപക്ഷത്തിന് പിന്തുണ നല്‍കുമെന്ന സൂചനകള്‍ നല്‍കി ജെ എസ് എസ് നേതാവ് ഗൌരിയമ്മ. സി പി എം നേതൃത്വം ഏ കെ ജി സെന്ററില്‍  വിളിച്ചുവരുത്തി അധിക്ഷേപിക്കുകയായിരുന്നു. സീറ്റ് ചര്‍ച്ചകള്‍ക്ക് മുന്‍പ് പ്രതീക്ഷ നല്‍കിയ വര്‍ത്തമാനങ്ങളും സ്നേഹം നിറഞ്ഞ വാക്കുകളുമായിരുന്നു. അവസാനം സീറ്റ് ചര്‍ച്ചകള്‍ കഴിഞ്ഞതോടെ ഞങ്ങള്‍ക്ക് ഒന്നുമില്ലാതായി. അതില്‍ അതിയായ ദുഃഖമുണ്ട്. ചെറിയ പാര്‍ട്ടി ആയാലും വലിയ പാര്‍ട്ടി ആയാലും മുന്നണിക്കൊപ്പം നില്‍ക്കുന്ന കക്ഷിയോട് അവര്‍ പെരുമാറിയ രീതി ശരിയായില്ല. മാധ്യമത്തോട് സംസാ‍രിക്കവെ ഗൌരിയമ്മ പറഞ്ഞു.
 
അതേസമയം, ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം പറയാന്‍ ഗൌരിയമ്മ തയ്യാറായില്ല. ഞങ്ങളാരും ഇടതുമുന്നണിയില്‍നിന്ന് പുറത്ത് പോയിട്ടില്ല. അപ്പോള്‍ പിന്തുണയുടെ കാര്യത്തില്‍ പ്രസക്തിയില്ല. യു ഡി എഫില്‍ ആയിരുന്ന കാലത്ത് അഞ്ച് സീറ്റില്‍ മത്സരിച്ചു. നാലില്‍ ജയിച്ചു. യു ഡി ഫിന്റെ എടുക്കുന്ന ചില തീരുമാനങ്ങളില്‍ അഭിപ്രായ വ്യത്യാസമുള്ളതുകൊണ്ടാണ് ഇനി അവരുമായി സഹകരിക്കില്ലെന്ന് തീരുമാനിച്ച് മടങ്ങിയത്. 
 
ഇടത് നേതാക്കള്‍ നിരവധിതവണ കാണാന്‍ വന്നു. ഡോ തോമസ് ഐസക് പലവട്ടം ഇവിടെ വന്നിരുന്നു. അതിനു ശേഷം എം എ ബേബിയും കോടിയേരി ബാലകൃഷ്ണനുമെല്ലാം ചര്‍ച്ച നടത്തി. അവരെല്ലാം പറഞ്ഞത് താന്‍ പാര്‍ട്ടിയുടെ ഭാഗമാണെന്ന്. സീറ്റിന്റെ കാര്യം വന്നപ്പോള്‍ പറഞ്ഞതെല്ലാം അവര്‍ മറന്നു. എന്നാല്‍  ഇടത്പക്ഷത്തോട് നിഷേധ സ്വഭാവമില്ലെന്ന് ഗൌരിയമ്മ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം