സിപിഎം വിട്ടവര്‍ പാര്‍ട്ടിക്ക് തന്നെ ഭീഷണി: കുഞ്ഞാലിക്കുട്ടി

Webdunia
വെള്ളി, 22 ഒക്‌ടോബര്‍ 2010 (15:13 IST)
സിപിഎം വിട്ടുപോയവര്‍ സി പി എമ്മിനു തന്നെ ഭീഷണിയാകുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മുഖാമുഖത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ ഡി എഫില്‍ നിന്ന് ഒരു എം എല്‍ എ കൂടി യു ഡി എഫിലേക്ക് വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് ആയതിനാല്‍ ആ ബോംബ് ഇപ്പോള്‍ പൊട്ടിച്ചാല്‍ ശരിയാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സി പി എം വിട്ടുപോയവര്‍ ബദല്‍ പാര്‍ട്ടിയായി ഒന്നിക്കാനുള്ള സാഹചര്യമുണ്ട്. ഇത്‌ സിപിഎമ്മിനു ഭീഷണിയാണ്. മഞ്ഞളാംകുഴി അലി സുന്ദരനാണ്‌. കീടമാണെന്ന്‌ അലിയെ കണ്ടവരാരും പറയില്ല. അലി അടുത്ത തെരഞ്ഞെടുപ്പില്‍ ചിലപ്പോള്‍ എംഎല്‍എയും ചിലപ്പോള്‍ മന്ത്രിയുമായേക്കും. അതിനു സി പി എം അങ്കലാപ്പിലാകേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വര്‍ഗീയ സംഘടനകളുമായുള്ള സിപിഎമ്മിന്‍റെ രഹസ്യബന്ധം ഇഷ്ടപ്പെടാത്തവര്‍ യു ഡി എഫിനൊപ്പം നില്‍ക്കും. ഇത്തരത്തില്‍ സുന്നി സംഘടനകളും മറ്റു മതസംഘടനകളും സ്വാഭാവികമായി യുഡിഎഫിനൊപ്പം നില്‍ക്കും. മുസ്‌ലിം ലീഗിനോടുള്ള എ പി വിഭാഗത്തിന്‍റെ എതിര്‍പ്പ്‌ കുറഞ്ഞിട്ടുണ്ടെന്നും ഐക്യത്തിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുമായി യുഡിഎഫിനു ബന്ധമുണ്ടെന്ന്‌ തെളിയിക്കാന്‍ സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെ അവര്‍ അത് ഏറ്റെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ എന്‍ എല്ലിനെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ വേണ്ടരീതിയില്‍ പരിഗണിക്കാനായിട്ടില്ലെന്നും നിയമസഭാതിരഞ്ഞെടുപ്പില്‍ അതു പരിഹരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.