സഹകരണമേഖല വളരണം - എളമരം കരീം

Webdunia
സഹകരണ മേഖലയിലെ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയിലെ കഴുത്തറുപ്പന്‍ നയങ്ങള്‍ക്കെതിരെ വളര്‍ന്ന് വരേണ്ടതുണ്ടെന്ന് വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു.

പൊതുഫണ്ടിലെ പണം ധൂര്‍ത്തടിക്കുകയും അഴിമതിക്കെതിരെ പോരാടുന്നുവെന്ന് പറയുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ട് ആറാം സഹകരണ കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടന്ന ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുഫണ്ട് നിയമപ്രകാരം കൈകാര്യം ചെയ്യാതെ അഴിമതിക്കെതിരെ തങ്ങള്‍ പോരാടുന്നുവെന്ന് ഉറക്കെ വിളിച്ച് പറയുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. പൊതുഫണ്ടില്‍ നിന്നും അന്യായമായി എടുക്കുന്ന പണം തിരിച്ചടയ്ക്കാത്ത ഇത്തര്‍ക്കാര്‍ക്കെതിരെ രാഷ്ട്രീയ പരിഗണന ഇല്ലാതെ നടപടി എടുക്കും.

സഹകരണ പ്രസ്ഥാനത്തിന്‍റെ വിശ്വാസ്യത നഷ്ടപ്പെടാതിരിക്കാന്‍ ഇത്തരം നടപടികള്‍ കൂടിയേ കഴിയൂ. സഹകരണ മേഖലയിലെ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയിലെ കഴുത്തറുപ്പന്‍ നയങ്ങള്‍ക്കെതിരെ വളര്‍ന്ന് വരേണ്ടതുണ്ട്.

വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും സ്വകാര്യ സംരംഭകര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് മറുപടി പറയാന്‍ സഹകരണ മേഖലകള്‍ക്കാവും. സഹകരണ മേഖലയില്‍ ഇനിയും പ്രഫഷണല്‍ കോളജുകള്‍ തുടങ്ങുന്നതിനെക്കുറിച്ച് സഹകരണ വകുപ്പ് ആലോചിക്കുന്നുണ്ട്.

സഹകാരികള്‍ക്ക് നേട്ടമുണ്ടാകാതെ സഹകരണ പ്രസ്ഥാനങ്ങള്‍ നിലനിര്‍ത്തേണ്ട കാര്യമില്ലെന്നും മന്ത്രി എളമരം കരീം പറഞ്ഞു.