സവര്‍ക്കറെയും ആര്‍ എസ് എസിനെയും നിശിതമായ രീതിയില്‍ വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എ. തന്‍റെ ഫേസ്ബുക്ക് പേജിലാണ് ബല്‍റാം ആര്‍ എസ് എസിന്‍റെ ഹിന്ദുത്വ അജണ്ടയെ വിമര്‍ശിക്കുന്നത്. ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധം ഇസ്ലാമും ഇസ്ലാമിക്ക് സ്‌റ്റേറ്റും തമ്മിലുള്ളത് മാത്രമാണെന്ന് ഫേസ്ബുക്ക് പേജില്‍ പറയുന്നു.
ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
'ഹിന്ദുത്വം' എന്നത് സംഘപരിവാര്‍ എന്ന അസ്സല്‍ ഫാഷിസ്റ്റ് സംഘടനയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പേരാണെന്നും അതിന് ഇന്നാട്ടിലെ സാധാരണക്കാരായ ഹിന്ദുമത വിശ്വാസികളുടെ നിഷ്ക്കളങ്ക വിശ്വാസങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളുമായി പുലബന്ധം പോലുമില്ലെന്നും ഞാന്‍ മാത്രമല്ല, കാര്യ വിവരമുള്ള എത്രയോ അധികം ആളുകള്‍ എത്രയോ കാലമായി പറഞ്ഞു വരികയാണ്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച കേസില്‍ പ്രതിയായിരുന്ന ഹിന്ദു മഹാസഭ നേതാവ് വി.ഡി. സവര്‍ക്കര്‍ ആണ് "ഹിന്ദുത്വം'' എന്ന ഈ വാക്കിനും രാഷ്ട്രീയാശയത്തിനും രൂപം നല്‍കിയത്. ബ്രിട്ടീഷ് വൈസ്രോയിയുടെ കാലുപിടിച്ച് ലജ്ജാകരമായ മാപ്പപേക്ഷ എഴുതിനല്‍കിയാണ് ഈ ഭീരു ജയിലില്‍ നിന്ന് പുറത്തു കടന്നതും സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് പിന്‍വാങ്ങി ഹിന്ദുമഹാസഭ പ്രവര്‍ത്തനങ്ങളിലേക്ക് ചുവടു മാറ്റിയതും. ഗാന്ധിജിയെ കൊല്ലാന്‍ വേണ്ടി നാഥുറാം ഗോഡ്സേ ദില്ലിക്ക് തിരിക്കുന്നതിന് മുന്‍പ് ഇയാളെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. ഗൂഢാലോചനാക്കേസുകല്‍ കോടതികളില്‍ സംശയാതീതമായി തെളിയിക്കുക അന്നത്തെ കാലത്ത് അത്ര എളുപ്പമല്ലാത്തത് കൊണ്ട് മാത്രം കൊലക്കയറില്‍ നിന്ന് രക്ഷപ്പെട്ടയാളാണ് 'ഹിന്ദുത്വ' വാദികളുടെ ആചാര്യനായ ഈ ഭീരു സവര്‍ക്കര്‍. ഗാന്ധി ഘാതകരുടെ പ്രത്യയശാസ്ത്രമായ 'ഹിന്ദുത്വ'ത്തെ ഇവിടത്തെ സാധാരണ ഹിന്ദുക്കളുടെ തലയില്‍ കെട്ടിയെഴുന്നെള്ളിക്കാനും അതിനെ എതിര്‍ക്കുന്നവരെ മുഴുവന്‍ ഹിന്ദു വിരോധികളായി ബ്രാന്‍ഡ് ചെയ്യാനും ആണ് ആണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്.
ബഹുസ്വരതകളോടും വൈവിധ്യങ്ങളോടും സഹിഷ്ണുത പുലര്‍ത്തുക മാത്രമല്ല, അവയെ എല്ലാം ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്ന വിശാലമാനവികതയാണ് യഥാര്‍ത്ഥ ഭാരതീയ പാരമ്പര്യമായും ഹൈന്ദവ സംസ്ക്കാരമായും നാം കണ്ടെടുക്കേണ്ടതും മുന്നോട്ടു കൊണ്ടുപോകേണ്ടതും. അതിനു പകരം ഇന്ത്യയിലെ ദലിതരേയും ന്യൂനപക്ഷങ്ങളേയും ശത്രുപക്ഷത്ത് നിര്‍ത്തി, ഉത്തരേന്ത്യന്‍ ബ്രാഹ്മണ്യത്തിന്റെ മൂല്യവ്യവസ്ഥകളിലൂന്നി, അക്രമോത്സുകമായ തീവ്രവര്‍ഗീയത വളര്‍ത്തുന്ന നവ നാസി ആശയമാണ് 'ഹിന്ദുത്വം'. അതിനു ചേരുന്ന താരതമ്യം ഐസിസുമായിട്ട് തന്നെയാണ്.
അതുകൊണ്ട് ഞാന്‍ നേരത്തെ പറഞ്ഞ വാചകം ഇതാ നൂറ്റൊന്ന് തവണ ആവര്‍ത്തിക്കുന്നു:
"ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധം ഇസ്ലാമും ഇസ്ലാമിക്ക് സ്‌റ്റേറ്റും തമ്മിലുള്ളത് മാത്രമാണ്".