മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് മേധാവി ടി.പി സെന്‍കുമാറും ഒരേ വേദിയിലെത്തി. വയനാട് നടന്ന ജില്ലാ പൊലീസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേളയിലാണ് ഇരുവരും കണ്ടുമുട്ടിയത്. പുനര്‍നിയമനത്തിനു ശേഷം ഇതാദ്യമായാണ് സെന്‍കുമാര്‍ പിണറായി വിജയനൊപ്പം പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.
വിരമിക്കാന്‍ വളരെ കുറച്ചുനാളുകള്‍ മാത്രമേ ഇനി സെന്‍കുമാറിനുള്ളൂ. സെന്‍കുമാറുമായി വേദി പങ്കിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തിയാണെന്നുള്ള പ്രചാരണങ്ങള്‍ നേരെത്തെ ഉയര്‍ന്നുവന്നിരുന്നു. അതിനിടയിലാണ് ഈ ഉദ്ഘാടന ചടങ്ങ് നടന്നത്. സ്വാഗത പ്രഭാഷണം നടത്തിയ ഡിജിപിക്ക് സര്‍ക്കാരിനെക്കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചും നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.
രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ലയിലെ പൊലീസ് സേന സുരക്ഷയുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നീതിയുക്തമായും നിയമപരമായുമായിരിക്കണം പൊലീസീന്റെ പ്രവര്‍ത്തനമെന്നതാണ് സര്‍ക്കാര്‍ നയം. ഇതില്‍ നിന്ന് വ്യതിചലിക്കുന്ന ഉദ്യോഗസ്ഥരോട് ഒരുതരത്തിലുള്ള മൃദുസമീപനമുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.