സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൂടെ നില്‍ക്കുന്നവര്‍ക്ക് ലജ്ജയുണ്ടാക്കുന്നതെന്ന് ചന്ദ്രചൂഡന്‍

Webdunia
ചൊവ്വ, 5 മെയ് 2015 (11:36 IST)
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തേയും സംസ്ഥാന സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്‍പി ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ടി ജെ ചന്ദ്രചൂഡന്.
 
ഇത്രയേറെ അഴിമതി ആരോപണം നേരിട്ട ഒരു മന്ത്രിസഭ കേരളത്തില്‍ ഉണ്ടായിട്ടില്ല. സംസ്ഥാന ഭരണത്തിന്റെ മേന്മകൊണ്ട് യുഡിഎഫിനൊപ്പം നില്‍ക്കുന്നവരും ലജ്ജിക്കേണ്ട അവസ്ഥയാണ് ചന്ദ്രചൂഡന്‍ പറഞ്ഞു. ആര്‍എസ്പിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം രൂപികരിക്കുന്ന യോഗത്തിലാണ് ചന്ദ്രചൂഡന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
 
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തേയും ചന്ദ്രചൂഡന്‍ വെറുതെ വിട്ടില്ല. നെഹ്‌റുവും പട്ടേലും നയിച്ച കോണ്‍ഗ്രസിനെ ഇപ്പോള്‍ നയിക്കുന്നത് കുഴിയാനകളാണ്. പാര്‍ലമെന്റില്‍ പാര്‍ട്ടിയെ നയിക്കേണ്ടയാള്‍ 60 ദിവസം എവിടെയായിരുന്നുവെന്ന് ആര്‍ക്കുമറിയില്ല എന്തിനാണ് ഇക്കാര്യത്തില്‍ ഇത്ര മറയെന്നും അദ്ദേഹം ചോദിച്ചു. 
 
സിപിഎമ്മിന്റെ സമുന്നത നേതാവ് അഴിമതി ആരോപണം ഉന്നയിച്ച് ജയിലിലാക്കിയ ആളെ കൂട്ടുപിടിച്ചാണ് സിപിഎം അഴിമതി വിരുദ്ധ പ്രവര്‍ത്തനം നടത്താനിറങ്ങിയിരിക്കുന്നത്. ഇത് ജനങ്ങളില്‍ അവമതിപ്പ് ഉണ്ടാക്കുമെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.