സര്‍ക്കാരിനെതിരായ ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടും: ചെന്നിത്തല

Webdunia
ശനി, 22 ജൂണ്‍ 2013 (13:43 IST)
PRO
PRO
സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിനകത്ത് ഭിന്നതയില്ലെന്നും പാര്‍ട്ടിയുടെ പൂര്‍ണപിന്തുണ സര്‍ക്കാരിനുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ടു പേരെ മാറ്റി നിര്‍ത്തിയതും ഒരാളെ സസ്പെന്‍ഡ് ചെയ്തതും നടപടിയുടെ ഭാഗമാണെന്ന് ചെന്നിത്തല വിശദീകരിച്ചു.

സര്‍ക്കാരിനെതിരായ പ്രതിപക്ഷാരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനായി യുഡിഎഫ് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും ചെന്നിത്തല അറിയിച്ചു. എന്നാല്‍ മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
അതേസമയം മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ തല്‍ക്കാലം വേണ്ടെന്നാണ് ഹൈക്കമാന്റ് തീരുമാനം. നിയമസഭാ സമ്മേളനത്തിന് ശേഷം മതി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ എന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം.

സോളാര്‍ തട്ടിപ്പ് വിവാദം കത്തിപ്പടരുന്നതും ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിരോധത്തിലായതും കണക്കിലെടുത്താണ് പുനഃസംഘടനാ ചര്‍ച്ചകള്‍ മാറ്റിവയ്ക്കുന്നത്. കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇത് കാരണമാകും എന്നാണ് ഹൈക്കമാന്റ് വിലയിരുത്തുന്നത്.

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് എത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. പക്ഷേ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശന കാര്യത്തില്‍ തീരുമാനമുണ്ടായില്ല. ഇതിനുശേഷം സോളാര്‍ തട്ടിപ്പ് വിവാദം മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുകയും ചെയ്യുകയായിരുന്നു.