സരിത എസ് നായര്‍ക്ക് സ്ത്രീത്വമുണ്ടോ എന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍റെ ചോദ്യം. സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടി വി എസിന്‍റെ ഭാഗത്തുനിന്നുണ്ടായി എന്ന് കാണിച്ച് വി എസിനെതിരെ സരിത കേസ് നല്‍കിയ എന്ന വാര്‍ത്ത ചൂണ്ടിക്കാണിച്ചപ്പോഴാണ് വി എസ് ഇങ്ങനെ ചോദിച്ചത്.
സരിതയ്ക്ക് സ്ത്രീത്വമുണ്ടോ? സ്ത്രീത്വം ഉള്ളവരല്ലേ സ്ത്രീത്വത്തേക്കുറിച്ച് സംസാരിക്കേണ്ടത്? - വി എസ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ കള്ളക്കളി തുറന്നുകാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അല്ലാതെ സരിതയെയോ മറ്റേതെങ്കിലും സ്ത്രീകളെയോ അപമാനിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. കേസ് വരട്ടെ. കേസിനെയൊന്നും ഭയമില്ല. ആദ്യം സ്വന്തം ഭര്‍ത്താവിനൊപ്പം ഉറച്ചുനിന്ന സരിത ഇപ്പോള്‍ കാലുമാറിയത് മന്ത്രിമാരുടെ പണക്കൊഴുപ്പിന്‍റെ ബലത്തിലാണോ എന്നറിയില്ല - വി എസ് പറഞ്ഞു.
സരിതയുടെ ദൃശ്യങ്ങളെക്കുറിച്ച് ഉയര്‍ന്ന വിവാദത്തില്‍ പിണറായി വിജയന്‍ സ്വീകരിച്ച നിലപാടിനെ മുഖ്യമന്ത്രി അഭിനന്ദിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ആയ്ക്കോട്ടെ’ എന്നാണ് വി എസ് പ്രതികരിച്ചത്.