സരിതയുടെ കത്ത് പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

വെള്ളി, 10 ഏപ്രില്‍ 2015 (18:18 IST)
ജയിലില്‍ വെച്ച് സരിത എസ് നായര്‍ എഴുതിയ 30 പേജുള്ള കത്ത് പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സരിതയെ അറസ്റ്റ് ചെയ്ത സമയത്ത് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്ക്കും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെയുള്ള എല്ലാ തെളിവുകളും ഹാജരാക്കാന്‍ ഡി ജി പിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
 
എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍ സമര്‍പ്പിച്ച ഹര്‍ജി കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. ജയിലില്‍ വെച്ച് എഴുതിയ 30 പേജുള്ള കത്ത് തന്റെ കൈവശമുണ്ടെന്ന് സരിത തന്നെ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സെക്രട്ടറി കെ രാജന്‍ സോളാര്‍ കമ്മീഷനെ സമീപിച്ചത്.
 
മുപ്പതു പേജുള്ള ഈ കത്ത് ഹാജരാക്കാന്‍ സരിതയോട് ആവശ്യപ്പെടുകയോ പിടിച്ചെടുക്കുകയോ വേണം. സരിതയെ വിളിച്ചു വരുത്തി മൊഴിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സരിതയെ അറസ്റ്റ് ചെയ്തതിന് ശേഷം അവരുടെ കംപ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്ക്കും മൊബൈല്‍ ഫേണുകളും പൊലീസ് പിടിച്ചുടുത്തിട്ടുണ്ട്.
 
ഈ തെളിവുകള്‍ മുഴുവന്‍ ഹാജരാക്കാന്‍ അന്നത്തെ പെരുമ്പാവൂര്‍ ഡി വൈ എസ് പി ഹരികൃഷ്ണും എ ഡി ജി പി കെ പത്മകുമാറിനും നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മൊബൈലിലും ഹാര്‍ഡ് ഡിസ്കിലുമുള്ള വിഡിയോ ചിത്രങ്ങള്‍ എ ഡി ജി പിയായ പത്മകുമാറാണ് പുറത്ത് വിട്ടതെന്ന് സരിത ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക