സത്യത്തിന് നിരക്കാത്തതായി ഒന്നും ചെയ്തില്ല: എ വി ജോര്‍ജ്

Webdunia
തിങ്കള്‍, 12 മെയ് 2014 (13:11 IST)
തന്നെ പുറത്താക്കിയ നടപടി ഗൂഢാലോചനയുടെ ഫലമാണെന്ന് എം ജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എ വി ജോര്‍ജ്. സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഒരു മാധ്യമത്തോട് പ്രതികരിക്കവേയാണ് ഡോ. എ വി ജോര്‍ജ് ഇങ്ങനെ പറഞ്ഞത്.
 
എ വി ജോര്‍ജിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് അദ്ദേഹത്തിന് കൈമാറി. ഉത്തരവിന്‍റെ പകര്‍പ്പ് ഹൈക്കോടതിക്ക് നല്‍കും. തനിക്ക് രാജിവയ്ക്കാന്‍ അവസരം നല്‍കണമെന്ന ജോര്‍ജ്ജിന്‍റെ അപേക്ഷ ഗവര്‍ണര്‍ നിരസിക്കുകയായിരുന്നു. 
 
കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ നോമിനിയായിരുന്നു ഡോ. എ വി ജോര്‍ജ്. എന്നാല്‍ അക്കാദമിക് ആയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടാണ് കെ എം മാണി സ്വീകരിച്ചത്. ജോര്‍ജ്ജിനെ പുറത്താക്കണമെന്ന തീരുമാനത്തോട് അനുകൂലമായാണ് സര്‍ക്കാരും നിലപാടെടുത്തത്. 
 
ഒരു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറെ പുറത്താക്കിയത് കേരളത്തില്‍ അപൂര്‍വ സംഭവമാണ്. രാവിലെ ഗവര്‍ണറെ കാണാന്‍ വൈസ് ചാന്‍സലര്‍ എത്തിയെങ്കിലും അദ്ദേഹത്തിന് കാണാനുള്ള അനുമതി ലഭിച്ചില്ല.
 
വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള ബയോഡേറ്റയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു എന്ന അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് വൈസ് ചാന്‍സലര്‍ക്കെതിരായ നടപടി. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും ചീഫ് സെക്രട്ടറിയുടെയും റിപ്പോര്‍ട്ടുകള്‍ ഡോ.എ വി ജോര്‍ജിന് എതിരായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ നിലപാടും വൈസ് ചാന്‍സലര്‍ക്ക് എതിരായിരുന്നു.
  
വിദ്യാഭ്യാസവകുപ്പോ മന്ത്രിയോ അറിയാതെയാണ് പല നിര്‍ണായക തീരുമാനങ്ങളും ഡോ.എ വി ജോര്‍ജ് കൈക്കൊണ്ടിരുന്നത് എന്നാണ് ആരോപണം.