സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: നിവിന്‍ പോളി നടന്‍, നസ്രിയ നടി, ഒറ്റാല്‍ മികച്ച ചിത്രം

Webdunia
തിങ്കള്‍, 10 ഓഗസ്റ്റ് 2015 (16:19 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നിവിന്‍ പോളിയും സുദേവ് നായരും മികച്ച നടന്‍‌മാരായി തെരഞ്ഞെടുക്കപ്പെട്ടു‍. നസ്രിയ നസീം മികച്ച നടി. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ ആണ് മികച്ച ചിത്രം. 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ സിനിമകളിലെ പ്രകടനമാണ് നിവിന്‍ പോളിയെ മികച്ച നടനാക്കിയത്. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് സുദേവ് നായരെ മികച്ച നടനാക്കി മാറ്റിയത്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ സിനിമകളിലെ ഗംഭീര പ്രകടനമാണ് നസ്രിയയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത്.
 
ജോണ്‍ പോള്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. ഒരാള്‍പ്പൊക്കം സംവിധാനം ചെയ്ത സനല്‍കുമാര്‍ ശശിധരന്‍ മികച്ച സംവിധായകനായി. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് 1983 ഒരുക്കിയ എബ്രിഡ് ഷൈന്‍ നേടി. പത്മകുമാര്‍ സംവിധാനം ചെയ്ത മൈ ലൈഫ് പാര്‍ട്ണര്‍ ആണ് മികച്ച രണ്ടാമത്തെ ചിത്രം.
 
ഐന്‍ എന്ന ചിത്രത്തിന്‍റെ കഥയ്ക്ക് സിദ്ധാര്‍ത്ഥ് ശിവ മികച്ച കഥാകൃത്തിനുള്ള അവാര്‍ഡ് നേടി. ബാംഗ്ലൂര്‍ ഡെയ്സിന് തിരക്കഥ രചിച്ച അഞ്ജലി മേനോന്‍ ആണ് മികച്ച തിരക്കഥാകൃത്ത്. അഡാപ്റ്റഡ് തിരക്കഥയ്ക്ക് ‘ഞാന്‍’ എന്ന ചിത്രത്തിലൂടെ രഞ്ജിത് പുരസ്കാരത്തിന് അര്‍ഹനായി.
കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന നേടി. രമേഷ് നാരായണനാണ് സംഗീത സംവിധായകന്‍. പശ്ചാത്തല സംഗീതത്തിന് ബിജി ബാല്‍ അവാര്‍ഡ് നേടി. ഓം ശാന്തി ഓശാനയുടെ എഡിറ്റര്‍ ലിജോ പോളിന് എഡിറ്റിംഗിനുള്ള പുരസ്കാരം ലഭിച്ചു.
 
മികച്ച സ്വഭാവ നടനായി അനൂപ് മേനോനും(വിക്രമാദിത്യന്‍, 1983) സ്വഭാവനടിയായി സേതുലക്ഷ്മിയും(ഹൌ ഓള്‍ഡ് ആര്‍ യു) തെരഞ്ഞെടുക്കപ്പെട്ടു. യേശുദാസ് മികച്ച ഗായകനായപ്പോള്‍ ശ്രേയാ ഘോഷാല്‍ മികച്ച ഗായികയായി. അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് പ്രതാപ് പോത്തന്‍(വണ്‍സ് അപോള്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍) നേടി. അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം ഇന്ദ്രന്‍സിനാണ് (അപ്പോത്തിക്കിരി).
 
അവസാന റൌണ്ടില്‍ മമ്മൂട്ടിയെ പിന്തള്ളിയാണ് നിവിന്‍ പോളി മികച്ച നടനായത്. മഞ്ജു വാര്യരെയും ലെനയെയും മറികടന്നാണ് നസ്രിയ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്. 70 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി പരിഗണിച്ചത്.