സംസ്ഥാനത്ത് വ്യവസായ പാര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കും: മന്ത്രി പികെ കുഞ്ഞാലിക്കുട്ടി
ചൊവ്വ, 23 ജൂലൈ 2013 (20:39 IST)
PRO
PRO
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്ത് വ്യവസായ പാര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരത്ത് സംരംഭക സഹായ പദ്ധതി ഓണ്‍ലൈന്‍ സംവിധാനത്തിന്റെയും സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച റിവ്യു മീറ്റിംഗിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നിലവിലുള്ള സംരംഭകരെ തൃപ്തിപ്പെടുത്തുന്നതിനൊപ്പം പുതിയ സംരംഭകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ചയും മാറ്റങ്ങളും ഉപയോഗപ്പെടുത്തി കൂടുതല്‍ സുതാര്യതയും വ്യവസായ സൗഹൃദാന്തരീക്ഷവും ഉറപ്പാക്കും. സാങ്കേതിക വിദ്യയുടെ മുന്നേറ്റം വ്യവസായ മേഖലയിലെ കാലതാമസം ഉള്‍പ്പെടെ ഒഴിവാക്കാന്‍ സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ മാത്രമേ സംസ്ഥാനത്ത് വ്യവസായവികസനം നടപ്പാവുകയുള്ളു. ഈ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കലുള്‍പ്പെടെ അടിയന്തര ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. റിവ്യു മീറ്റിംഗില്‍ ഉയര്‍ന്നു വരുന്ന കാര്യങ്ങളില്‍ ഉടനടി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.