സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 2,546 സ്കൂളുകള്‍!

Webdunia
ശനി, 4 മെയ് 2013 (16:36 IST)
PRO
PRO
സംസ്ഥാനത്ത് 2500-ലേറെ അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകളെന്ന് ആസൂത്രണ ബോര്‍ഡിന്റെ സര്‍വെ റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന്റെ എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ പഠനത്തിലാണ് 2546 അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ സംസ്ഥാനത്തുള്ളതായി കണ്ടെത്തിയത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചു പൂട്ടണമെന്നാണ് ചട്ടം. സ്‌കൂളിന് അംഗീകാരമില്ലെന്ന വിവരം പലപ്പോഴും രക്ഷിതാക്കളില്‍ നിന്ന് മറച്ചുവെക്കുകയാണ് പതിവ്.

വലിയ തോതിലുളള അധ്യാപക ചൂഷണമാ‍ണ് ഇവിടെ നടക്കുന്നത്. ആകെ അധ്യാപകര്‍ 27,068. ഇതില്‍ 21 പേര്‍ ഡോക്ടറേറ്റ് ഉള്ളവരും 44 പേര്‍ എംഫില്‍ യോഗ്യതയുള്ളവരും 4523 പേര്‍ ബിരുദാനന്തര ബിരുദധാരികളുമാണ്. 14,394 പേര്‍ ബിരുദധാരികളും. പ്രൊഫഷണല്‍ യോഗ്യത കണക്കാക്കിയാല്‍ 225 പേര്‍ എംഎഡുകാരും 10,397 പേര്‍ ബിഎഡുകാരുമാണ്. 2,852 പേര്‍ക്ക് ടിടിസി യോഗ്യതയുണ്ട്. ഈ ഉന്നത ബിരുദധാരികളില്‍ 2,136 പേര്‍ക്ക് മാത്രമാണ് മൂവായിരത്തിനു മുകളില്‍ ശമ്പളം ലഭിക്കുന്നത്.

4,480 പേര്‍ക്ക് രണ്ടായിരത്തിനും മൂവായിരത്തിനും ഇടയില്‍ മാത്രമാണ് ശമ്പളം. 3,974 അധ്യാപകര്‍ക്ക് 1000 രൂപ മാത്രമാണ് ശമ്പളമെന്നും എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിങ്ങിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നു. 27,068 അധ്യാപകരില്‍ 10,478 പേര്‍ക്കും ആയിരത്തിനും രണ്ടായിരത്തിനും ഇടയിലാണ് ശമ്പളമെന്നും പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 1,852 അനധ്യാപകരും 171 ലാബ് അസിസ്റ്റന്റുമാരും 2,521 പ്യൂണുമാരും ഈ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്നു. അനധ്യാപകരില്‍ 177 പേര്‍ക്ക് മാത്രമാണ് മൂവായിരത്തിനുമേല്‍ ശമ്പളം ലഭിക്കുന്നത്. അംഗീകാരമില്ലാത്ത സ്‌കൂളുകളായതിനാല്‍ ഇവര്‍ക്ക് നിയമ പരിരക്ഷയുമില്ല.